എസ്. വളർമതി

 
Kerala

'സർക്കാർ വാഗ്ദാനം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു'; എൽപിഎസ്‌ടി സമരത്തിൽ പങ്കെടുത്ത് സിജെപി നേതാക്കൾ

കോക്രോച്ച് ജനതാ പാർട്ടി നേതാവ് വിജയ് റെഡ്ഡി മല്ലങ്കി അടക്കമുള്ളവരാണ് എൽപിഎസ്‌ടി സമരത്തിൽ പങ്കെടുത്തത്

Aswin AM

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ നടക്കുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്‍റെ 12 മണിക്കൂർ‌ നീണ്ട നിരാഹാര സമരത്തിൽ പങ്കെടുത്ത് കോക്രോച്ച് ജനതാ പാർട്ടി നേതാവ് വിജയ് റെഡ്ഡി മല്ലങ്കി.

വിജയ് റെഡ്ഡിയെ കൂടാതെ മറ്റു സിജെപി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ 24 മണിക്കൂറിനുള്ളിൽ എൽപിഎസ്ടി റാങ്ക് ലിസ്റ്റിലുള്ളവരുടെ പ്രശ്നം പരിഹരിക്കുമെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ മുഖ‍്യമന്ത്രി സത‍്യപ്രതിജ്ഞ നടത്തി 6 മാസം പൂർത്തിയായിട്ടും ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന് വിജയ് റെഡ്ഡി പറഞ്ഞു.

സർക്കാർ വാഗ്ദാനം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നത് സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ അധ‍്യാപക നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കൂട്ടിച്ചേർത്തു. ഒട്ടേറെ ക്രമക്കേടുകളും അഴിമതിയും ഇവിടെ നടക്കുന്നുണ്ടെന്നു പറഞ്ഞ വിജയ് റെഡ്ഡി കാര‍്യങ്ങൾ സുതാര‍്യമാക്കുന്നതിനു വേണ്ടി എല്ലാ സ്കൂളുകളിലേക്കും പിഎസ്‌സി മുഖേന നിയമന നടപടിക്രമം വേണമെന്ന് ആവശ‍്യപ്പെട്ടു.

സമരസമിതി സെക്രട്ടറിയായ എസ്. വളർമതി കഴിഞ്ഞ ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. തന്‍റെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചുകൊണ്ടാണ് വളർമതി നിരാഹാര സമരത്തിന് തുടക്കമിട്ടത്. വിദ‍്യാർഥി- അധ‍്യാപക അനുപാതം കുറയ്ക്കണം, റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിനു മുൻപ് എല്ലാ ഉദ‍്യോഗാർഥികൾക്കും നിയമന ഉത്തരവുകൾ നൽകണം, എയ്ഡഡ് സ്കൂളുകളിലെ അധ‍്യാപക നിയമനം പിഎസ്‌സിക്ക് വിടണം, എന്നീ ആവശ‍്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം നടക്കുന്നത്. വിദ‍്യാഭ‍്യാസ മന്ത്രി പി. ഷംസുദ്ദീൻ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല.