വി.ഡി. സതീശൻ, വളർമതി
തിരുവനന്തപുരം: പിഎസ്സി നിയമനം നടപ്പാക്കാത്തതിൽ എൽപിഎസ്ടി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥിയായ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുടി മുറിക്കുന്നതു കണ്ടപ്പോൾ സങ്കടമായി. ഒരു പെൺകുട്ടിയല്ലേ അതു കണ്ടപ്പോൾ കണ്ണു നിറഞ്ഞുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല. മുൻ സർക്കാരിന്റെ കാലത്ത് പ്രതിഷേധക്കാരോട് സംസാരിക്കാൻ തയാറായിട്ടില്ല. അവരുമായി ഇനിയും ചർച്ച ചെയ്യണമെങ്കിൽ അത് ചെയ്യും. സർക്കാരിന് സമരം ചെയ്യുന്നവരോട് പിടിവാശിയില്ല. എട്ട് പ്രാവശ്യം പൊതുവിദ്യാഭ്യാസ മന്ത്രിയുമായും രണ്ടുപ്രാവശ്യം ഞാനുമായും ചർച്ച ചെയ്തു. അവർ പറഞ്ഞ അഞ്ച് പോയിന്റിൽ നാലു പോയിന്റ് അംഗികീരിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തും റേഷ്യോ കുറയ്ക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. എൽപിഎസ്ടി റേഷ്യോ കുറച്ചാൽ പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിവരും. അതിനുള്ള ധനസ്ഥിതിയല്ല കേരളത്തിലുള്ളത്.- മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി രംഗത്തെത്തി. റേഷ്വോ കുറയ്ക്കുന്ന കാര്യത്തിൽ മാത്രമാണ് തീരുമാനമാകാനുള്ളത് എന്ന പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണോ അതോ വിഷയം അറിയാഞ്ഞിട്ടാണോ എന്ന് വളർമതി ചോദിച്ചു. തന്റെ കണ്ണീരിൽ നിന്നു പ്രതിഷേധത്തിൽ നിന്നുമൊക്കം മൂന്ന് കേസുകളാണ് ചുമത്തിയത്. തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടിവന്നത് സർക്കാരിന്റെ തോൽവിയാണ്. മറുപടി പറയാൻ താൽപ്പര്യമില്ലെങ്കിൽ കുഴപ്പമില്ല. പക്ഷേ ഉളുപ്പില്ലാത്ത ന്യായീകരണങ്ങളുമായി വരരുത്. ഭരണത്തിൽ ഇരിക്കുമ്പോൾ ഒന്നും പുറത്തിരിക്കുമ്പോൾ മറ്റൊന്നും പറയുന്നത് ശരിയല്ല. സർക്കാരുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്നും ഉത്തരവ് വരുന്നതുവരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി.