രേവന്ത് റെഡ്ഡി, ഡി.കെ. ശിവകുമാർ, വി.ഡി. സതീശൻ

 
Kerala

ഹൈക്കമാൻഡ് വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം ഞായറാഴ്ച; വിവിധ വിഷയങ്ങൾ ചർച്ചയാവും

യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിക്ക് പുറപ്പെട്ടു

Namitha Mohanan

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തുടരുന്ന ആഭ്യന്തര തർക്കങ്ങളും അഭിപ്രായഭിന്നതകളും പരിഹരിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഹൈക്കമാൻഡ് വിളിച്ചുചേർത്ത കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ പങ്കെടുക്കുന്നതാണ് യാത്രയുടെ ഔദ്യോഗിക ലക്ഷ്യം. എന്നാൽ, ഇതിനോടൊപ്പം കേരളത്തിലെ നിലവിലെ രാഷ്ട്രീയ, സംഘടനാ സാഹചര്യങ്ങളും പാർട്ടി-സർക്കാർ ഏകോപനത്തിലുള്ള അതൃപ്തികളും അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി വിശദമായി ചർച്ച ചെയ്യും.

കേരളത്തിൽ സർക്കാർ തീരുമാനങ്ങൾ മുഖ്യമന്ത്രി ചർച്ച ചെയ്യാതെ നടപ്പാക്കുന്നെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എ ഗ്രൂപ്പ് നേതാക്കൾ തുടങ്ങിയവർ ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു. പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് തിരിഞ്ഞ് പോരും ശക്തമായി. കാലങ്ങൾക്ക് ശേഷം കേരളത്തിൽ പുതിയ സർക്കാർ വന്നതിന് പിന്നാലെയുള്ള പരസ്യവിഴുപ്പലക്ക് പാർട്ടിക്ക് കളങ്കമായെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് ചർച്ചയ്ക്കൊരുങ്ങുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നതിനൊപ്പം പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച ചർച്ചകളും നടക്കും.

സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും, കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും നിലവിൽ ഡൽഹിയിലുണ്ട്. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഒരേസമയം ഡൽഹിയിൽ എത്തുന്നതോടെ കേരളത്തിലെ കോൺഗ്രസ് സംഘടനാ തലത്തിൽ നിർണായകമായ മാറ്റങ്ങൾക്കൊപ്പം സർക്കാർ തലത്തിലെ പ്രവർത്തനങ്ങൾക്കുള്ള കർശന നിർദേശങ്ങളും ഹൈക്കമാൻഡിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് നടക്കുന്ന ഉന്നതതല യോഗങ്ങൾക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരിക.