പുകഞ്ഞു തന്നെ കോൺഗ്രസ്; എംഎൽഎമാരുമായി കൂടിക്കാഴ്ച
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: ഭരണം കിട്ടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകളില്‍ അന്തിമ തീർപ്പുണ്ടാക്കാനാകാതെ കോണ്‍ഗ്രസിൽ കലാപം പുകയുന്നു. ചേരിതിരിഞ്ഞ് ഫ്ളെക്സ് ബോർഡുകളും സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ഒളിഞ്ഞും തെളിഞ്ഞും നേതാക്കൾ സജീവമായുണ്ട്. കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എന്നിവരില്‍ ആരാകണം മുഖ്യമന്ത്രിയെന്ന തര്‍ക്കത്തില്‍ തീര്‍പ്പുണ്ടാകാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കായി ഇവര്‍ തിരുവനന്തപുരത്തെത്തി.
വ്യാഴാഴ്ച രാവിലെ 10.30നാണ് കെപിസിസി ആസ്ഥാനത്ത് എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച ആരംഭിക്കുന്നത്. നിരീക്ഷകര്‍ എംഎല്‍എമാരെ കണ്ട് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അഭിപ്രായം ആരായുമ്പോള്‍ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഒപ്പം ഉണ്ടാകും. കേരളത്തിലെ സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയെ മാത്രമല്ല മന്ത്രിമാരുടെ കാര്യവും ഈ ചര്‍ച്ചകളില്‍ ഇടംപിടിക്കും. ആവശ്യമെങ്കില്‍ മുസ്‌ലിം ലീഗുമായും രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിച്ചേക്കും. എന്നാല്‍ ഘടകക്ഷികളുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്. എന്നാൽ എംഎൽഎമാരെ കാണുമ്പോൾ , എംഎൽഎമാരെ ഒറ്റയ്ക്ക് കാണണമെന്നും ദീപാദാസ് മുന്‍ഷിയുടെ സാന്നിധ്യം ഒഴിവാക്കണമെന്നും സതീശൻ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്തിമ തീരുമാനത്തിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും നീളും. തര്‍ക്കങ്ങള്‍ പരിഹരിച്ച് ഞായറാഴ്ചയെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ലക്ഷ്യം. എന്നാല്‍ ചെന്നിത്തലക്കും സതീശനും വേണുഗോപാലിനും വേണ്ടിയുള്ള നിശബ്ദമായ കരുനീക്കങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്നൊരു തീരുമാനത്തിലേക്കെത്താന്‍ കഴിയാത്ത ത്രിശങ്കുവിലാണ് ഹൈക്കമാൻഡ്.
പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കാന്‍ ജനവിധി വന്ന് ഒരാഴ്ചയോടുത്താലും അതു നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. വി.ഡി.സതീശന് പിന്തുണയുമായി മുതിര്‍ന്ന നേതാവ് എന്‍.ശക്തന്‍ പരസ്യമായി രംഗത്തുവന്നതാണ് മുഖ്യമന്ത്രിക്കുവേണ്ടി പക്ഷം പിടിച്ച് ഇന്നലെ നടന്ന ശ്രദ്ധേയമായൊരു നീക്കം. ഇതിനു പുറമേ ഹൈബി ഈഡന്‍, മുഹമ്മദ് ഷിയാസ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സതീശനായുള്ള നീക്കങ്ങള്‍ ഏകോപിപ്പിക്കുകയാണ്. എ.പി.അനില്‍ കുമാര്‍, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ വേണുഗോപാലിനായും കരുക്കള്‍ നീക്കുന്നു. രമേശ് ചെന്നിത്തലക്കായി ടി.ജെ വിനോദ്, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലും നീക്കങ്ങള്‍ ശക്തമാണ്. പരമാവധി എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനായി ഇവര്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മൂന്ന് നേതാക്കള്‍ക്കായി കമന്‍റുകളിലൂടെ പ്രചാരണവും അണികള്‍ തുടങ്ങിയിരുന്നു.
വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം നില്‍ക്കുന്ന എംഎല്‍എമാരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ സതീശന്‍ ക്യാംപ് ശ്രമിക്കുന്നുണ്ട്. മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്താണിത്. നിരീക്ഷകര്‍ക്കു മുന്നില്‍ ഗ്രൂപ്പ് നേതാവിന്‍റെ പേര് പറഞ്ഞാലും രണ്ടാമത്തെ ചോയ്‌സായി സതീശന്‍റെ പേര് എംഎല്‍എമാരെ കൊണ്ട് പറയിക്കാനും ഇവര്‍ ശ്രമം നടത്തുന്നുണ്ട്. എംഎല്‍എമാരുടെ പിന്തുണ കുറവാണെങ്കിലും പ്രവര്‍ത്തകരുടെ പിന്തുണ കാണിച്ച് എങ്ങനെ മുഖ്യമന്ത്രിസ്ഥാനം പിടിക്കാം എന്നും സതീശന്‍ വിഭാഗം ആലോചിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് ശക്തിപ്രകടനം എന്ന നിലയില്‍ ഇന്നലെ വൈകിട്ട് സ്വന്തം മണ്ഡലത്തില്‍ വരാപ്പുഴ മുതല്‍ പറവൂര്‍വരെ സതീശന്‍ റോഡ് ഷോ നടത്തിയത്. എംഎല്‍എമാരുടെ എണ്ണം കാണിച്ച് മുഖ്യമന്ത്രിസ്ഥാനം പിടിക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് വേണുഗോപാല്‍ പക്ഷം. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും 25 എംഎല്‍എമാരുടെ പിന്തുണ വി.ഡി.സതീശന്‍ സതീശനും പ്രതീക്ഷിക്കുന്നുണ്ട്. എണ്ണത്തില്‍ ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലാണ് ചെന്നിത്തല സീനിയോറിറ്റിയും സതീശനും ജനപിന്തുണയുംകൊണ്ട് പ്രതിരോധിച്ച് മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നത്. അതിനിടെ മന്ത്രിസഭയില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി ഷാനിമോള്‍ ഉസ്മാനും രംഗത്തുവന്നു. 2021 എ ഐ സി സി പുതിയ ഒരു പ്രതിപക്ഷ നേതാവിനെ നിയോഗിച്ചത് അന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തിയാണ്. അതിന്റെ അർത്ഥം എടുക്കുന്ന തീരുമാനങ്ങൾ തെറ്റാറില്ല എന്നതാണ്. പ്രതിപക്ഷ നേതൃത്വ പദവിയിലിരിക്കുന്നതിനേക്കാൾ ഭാരിച്ച ഉത്തരവാദിത്വം വഹിക്കേണ്ട മുഖ്യമന്ത്രി പദവിയിലേക്ക് ഒരാളെ തെരഞ്ഞെടുക്കുമ്പോൾ ഭരണപരിചയം, സംഘടനാ വൈദഗ്ധ്യം, സോഷ്യൽ എൻജിനീയറിങ് മികവ്, മുന്നണിയിലെയും പാർട്ടിയിലെയും എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവ് എന്നിവയെല്ലാം പരിഗണിച്ചായിരിക്കണമെന്നും കെസി പക്ഷം ആവശ്യപ്പെടുന്നു.
ഈ നീക്കങ്ങള്‍ക്കിടെ ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കണ്ടു. മഹാരാഷ്ട്ര ഡിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചയാണ് നടത്തിയതെന്നും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചര്‍ച്ചയുണ്ടായില്ലെന്നുമാണ് ഇതേക്കുറിച്ച് ചെന്നിത്തല പ്രതികരിച്ചത്.