K Sudhakaran file
Kerala

''സ്വർണക്കൊട്ടാരം തന്നാൽ‌ പോലും കോൺഗ്രസ് പ്രവർത്തകനായി പോരാടും''; പാർലമെന്‍റിലുണ്ടാകുമെന്ന് വ‍്യക്തമാക്കി കെ. സുധാകരൻ

ആരോഗ‍്യത്തിന് ഇപ്പോൾ ഒരു കുഴപ്പവുമില്ലെന്നും ധീരനായ കോൺഗ്രസ് പടയാളിയാണ് താനെന്നും കെ. സുധാകരൻ പറഞ്ഞു

Aswin AM

ദുബായ്: കോൺഗ്രസ് പ്രസ്ഥാനത്തെയും ഇന്ത‍്യാസഖ‍്യത്തെയും ശക്തിപ്പെടുത്താൻ നവംബർ 30ന് പാർലമെന്‍റിലുണ്ടാകുമെന്ന് മുതിർ‌ന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരൻ. ആരോഗ‍്യ പ്രശ്നങ്ങൾ മൂലം ദുബായിലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ‍്യത്തിന് ഇപ്പോൾ ഒരു കുഴപ്പവുമില്ലെന്നും ധീരനായ കോൺഗ്രസ് പടയാളിയാണ് താനെന്നും സ്വർണക്കൊട്ടാരം തന്നാൽ‌ പോലും കോൺഗ്രസ് പ്രവർത്തകനായി പോരാടുമെന്നും സുധാകരൻ പറഞ്ഞു. തന്നെ ബിജെപി കൊണ്ടുപോകുമെന്ന് ചിലർ പറഞ്ഞെന്നും വ‍്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും പറഞ്ഞ സുധാകരൻ ചികിത്സയ്ക്ക് പോകാൻ നേരത്തെ തീരുമാനിച്ചതാണെന്ന് കൂട്ടിച്ചേർത്തു.

അമെരിക്കയിലേക്ക് ചികിത്സയ്ക്കായി പോവുന്നതിന്‍റെ മുന്നോടിയായി കൺസൾട്ടേഷനായി നവംബർ 27 നാണ് സുധാകരൻ ദുബായ്ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും ആരുടെയോ കസ്റ്റഡിയിലാണെന്നും സുധാകരന്‍റെ മകൻ സഞ്ജോഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്റ്റർ‌ പറഞ്ഞതായും കുടുംബം ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കെ സുധാകരൻ ചികിത്സയ്ക്കായി ദുബായിലേക്ക് പോയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ സുധാകരനോട് ഇന്ത‍്യയിലേക്ക് തിരിച്ചെത്തണമെന്ന് പാർട്ടി നിർദേശവും നൽകിയിരുന്നു. എന്നാൽ രാവിലെയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.