ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ അകറ്റി നിർത്താൻ കോൺഗ്രസ്
congress flag
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർക്ക് സീറ്റു നൽകേണ്ടതില്ലെന്ന നിലപാടിൽ മുതിർന്ന നേതാക്കൾ. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യം വയ്ക്കുന്നത് തെറ്റാണെന്ന അഭിപ്രായമാണ് ഒരു വിഭാഗം മുന്നോട്ടു വയ്ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്.
കോൺഗ്രസ് എംപിമാരിൽ പലരും നിയമാസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം അറിയിച്ചതോടെയാണ് ഇത്തരമൊരു ചർച്ച ഉടലെടുത്തത്. എംപിമാർ സ്ഥാനംവിട്ട് എംഎൽഎയാവാൻ ശ്രമിക്കുന്നത് പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
മാത്രമല്ല, കൂട്ടത്തോടെ എംപിമാർ ജയിച്ചാൽ ഒരു മിനി ലോക്സഭ തെരഞ്ഞെടുപ്പ് തന്നെ നടത്തേണ്ടി വരും. ഒരു എംപിക്കെങ്കിലും അവസരം നൽകിയാൽ അത് മറ്റുള്ളവരുടെ അസ്വാരസ്യത്തിന് കാരണമാവും. അതിനാൽ തന്നെ എംപിമാരെ തീരെ അടുപ്പിക്കേണ്ടതില്ലെന്നാണ് പൊതു നിലപാട്.