കൊറിയർ സർവീസ്; സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ച് കെഎസ്ആർടിസി

 
Kerala

കൊറിയർ സർവീസ്; സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ച് കെഎസ്ആർടിസി

2026 ഒക്റ്റോബർ 22ന് വൈകിട്ട് അഞ്ച് വരെയാണ് താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി

Sarath Nath MS

തിരുവനന്തപുരം: വിപുലീകരിച്ച കൊറിയർ, ലോജിസ്റ്റിക്സ് ശൃംഖലയുടെ ഭാഗമായി വീടുകളിൽ നിന്ന് പാഴ്സലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്ന സേവനം ഏറ്റെടുക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ച് കെഎസ്ആർടിസി. ഉപഭോക്താക്കളുടെ വീടുകളിൽ നിന്ന് പാഴ്സലുകൾ ശേഖരിച്ച് കെഎസ്ആർടിസിയുടെ നിശ്ചിത കൊറിയർ കൗണ്ടറുകളിൽ എത്തിക്കുകയാണ് സംഘങ്ങളുടെ പ്രധാന ചുമതല. കൗണ്ടറുകളിൽ ലഭിക്കുന്ന പാഴ്സലുകൾ അതത് ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകുകയും വേണം. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്.

നിയമപരമായി രജിസ്റ്റർ ചെയ്തതും ആവശ്യത്തിന് ജീവനക്കാരും പ്രാദേശിക സാന്നിധ്യവും അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക-സംഘടനാ ശേഷിയുമുള്ള സഹകരണ സംഘങ്ങൾക്ക് അപേക്ഷിക്കാം. കെഎസ്ആർടിസി നിശ്ചയിക്കുന്ന മേഖലകളിൽ സേവനം നടത്താൻ യോഗ്യരായ ഒന്നോ അതിലധികമോ സംഘങ്ങളെ തിരഞ്ഞെടുക്കും.

താൽപര്യമുള്ള സംഘങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനൊപ്പം ജീവനക്കാരുടെ വിവരങ്ങൾ, പ്രതിനിധികളുടെ വിശദാംശങ്ങൾ, പ്രവർത്തന മേഖലകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും സമർപ്പിക്കണം. 2026 ഒക്റ്റോബർ 22ന് വൈകിട്ട് അഞ്ച് വരെയാണ് താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി.