സുഹൈൽ സജീവ്
കൊച്ചി: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി. കാക്കനാട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ ഹർജി അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ചയാണ് തള്ളിയത്.
18നും 21നും ഇടയിൽ പ്രായമുള്ള തടവുകാരെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്കൂളിൽ കഴിയുന്ന സുഹൈലിനെ സുരക്ഷാ കാരണങ്ങളാൽ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പരിശോധിച്ച മജിസ്ട്രേറ്റ് എം.കെ. സംയുക്ത ആവശ്യം നിരസിച്ചു. സുഹൈലിനെ ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ച നടപടിക്കെതിരേ നേരത്തേ വിമർശനമുയർന്നിരുന്നു.
ഒക്റ്റോബർ 11ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവള റോഡിൽ ഒരു യുവാവും രണ്ട് യുവതികളും സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 19കാരനായ സുഹൈലാണ് കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ അമിതമായി മദ്യപിച്ചിരുന്നെന്നും കാർ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിലായിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അതിനിടെ, അപകടത്തിൽ മരിച്ച മൂന്ന് പേരിൽ ഒരാളായ വയനാട് കൽപ്പറ്റ സ്വദേശിനി ദേവികയുടെ വീട്ടിൽ അഞ്ചംഗ അന്വേഷണസംഘം വ്യാഴാഴ്ച രാവിലെ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ സംഘം ഒരു മണിക്കൂറിലേറെ അവരുമായി സംസാരിച്ചു. അപകടത്തിനു പിന്നാലെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസിൽ നിർണായക തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും ദേവികയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതികൾ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.