വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുസ്‌ലിം ലീഗുകാരനാണെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വർഗീയതയ്ക്ക് വളം വയ്ക്കുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടെതെന്നും എസ്എൻഡിപി സെക്രട്ടറി സ്ഥാനത്തിന് യോജിക്കാത്തതാണ് അദ്ദേഹത്തിന്‍റെ പരാമർശമെന്നും സിപിഎം വിമർശിച്ചു.
എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് സാമൂഹ‍്യ മാറ്റത്തിനു വേണ്ടി പ്രവൃത്തിക്കുന്ന പാർട്ടിയാണ് കമ്മ‍്യൂണിസ്റ്റ് പാർട്ടിയെന്നും ഒരേ ലക്ഷ‍്യത്തിനു വേണ്ടി പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിഭജിച്ച് കാണുന്ന രീതി പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഷംസീർ ലീഗുകാരനാണ് കമ്മ‍്യൂണിസ്റ്റുകാരനല്ലെന്നും ലീഗ് മനസാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിണറായിയെ പോലുള്ളവർ ത‍്യാഗം സഹിച്ച് അധികാര സ്ഥാനങ്ങളിലെത്തിയപ്പോൾ ഷംസീർ ചുളുവിലാണ് അധികാരത്തിലെത്തിയതെന്നും അദ്ദേഹം വിമർശനം നടത്തിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോൾ പ്രസ്താവനയിലൂടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.