പമ്പയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം പരിഗണനയിലില്ല
സന്നിധാനം: ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ഭക്തർക്കായി പമ്പയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല. നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിങ് കേന്ദ്രം. അവിടെ ബുക്ക് ചെയ്ത ശേഷം ബസിൽ പമ്പയിലെത്തി മല കയറണം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിനെത്തുന്ന ഭക്തർക്കുള്ള സ്പോട്ട് ബുക്കിങ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയത്. അത് അപ്രകാരം തന്നെ തുടരും.
നിലയ്ക്കലിനു പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുണ്ട്. പമ്പയിൽ സ്പോട്ട് ബുക്കിങ് കേന്ദ്രം ആരംഭിക്കണമെന്ന ഒരു നിർദേശവും മുഖ്യമന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയിട്ടില്ല. വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കൽ- പമ്പ പാതയിലൂടെ ദർശനത്തിന് ആഗ്രഹിക്കുന്ന ഭക്തർ നിലയ്ക്കൽ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിലെത്തി ബുക്കിങ് നടത്തിയ ശേഷം വേണം ദർശനത്തിനായി എത്താനെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.