ശ്രീകൃഷ്ണൻ പെണ്ണല്ല, സ്ത്രീകൾക്ക് രാധയോ ഗോപികയോ ആകാമല്ലോ; സോഷ്യൽ മീഡിയയിൽ വിമർശനം
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയർന്ന വിമർശനമായിരുന്നു സ്ത്രീകളുടെ ശ്രീകൃഷ്ണ വേഷം. ഇത്രയധികം പുരുഷന്മാരുള്ള കേരളത്തിൽ എന്തിനാണ് സ്ത്രീകൾ കൃഷ്ണ വേഷം കെട്ടുന്നതെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം. ശ്രീകൃഷ്ണൻ പെണ്ണല്ലെന്നും അങ്ങനെ പ്രദർശിപ്പിക്കേണ്ടതില്ലെന്നുമാണ് ഇക്കൂട്ടർ പറയുന്നത്.
പുരുഷ സങ്കല്പത്തിലുള്ള ദൈവങ്ങളുടെ (പ്രത്യേകിച്ച് പൂർണാവതാരമായ ശ്രീകൃഷ്ണന്‍റെ) വേഷം സ്ത്രീകൾ കെട്ടുന്നത് പരമ്പരാഗത ആചാരങ്ങൾക്ക് നിരക്കുന്നതല്ലെന്നാണ് ഇവരുടെ പ്രധാന വാദം. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ പെൺകുട്ടികൾക്ക് രാധയുടെയോ ഗോപികമാരുടെയോ വേഷം ധരിച്ചാൽ മതിയെന്നും, കൃഷ്ണ വേഷം ആൺകുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ഇക്കൂട്ടർ ആവശ്യമുയർത്തുന്നുണ്ട്.
എന്നാൽ ഇതിന്‍റെ മറുപുറത്ത് ഭക്തിക്ക് ലിംഗഭേദമില്ലെന്നും ഭക്തിയും ആരാധനയും ലിംഗഭേദങ്ങൾക്ക് അതീതമാണെന്നും, ഏത് വേഷത്തിലൂടെയും ഭഗവാനോട് സാമീപ്യം പുലർത്താൻ ഭക്തർക്ക് അവകാശമുണ്ടെന്നും ഒരുകൂട്ടം ആളുകൾ വാദിക്കുന്നു.
കഥകളി, കൂടിയാട്ടം തുടങ്ങിയ പരമ്പരാഗത ശാസ്ത്രീയ കലാരൂപങ്ങളിൽ കൃഷ്ണ വേഷം ഉൾപ്പെടെ സ്ത്രീകൾ പുരുഷവേഷങ്ങളും പുരുഷന്മാർ സ്ത്രീവേഷങ്ങളും കെട്ടുന്നത് പണ്ടുമുതലേ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണെന്നും ഇവർ വിശദീകരിക്കുന്നു. ചെറിയ കുട്ടികളിൽ ഇത്തരമൊരു വേർതിരിവില്ലാത്തത് പോലെ മുതിർന്നവരിലും ഇത്തരമൊരു വേർതിരിവിന്‍റെ ആവശ്യമില്ലെന്നും ഭഗവാന്‍റെ മുന്നിൽ ഇവരെല്ലാം തുല്യരാണെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.