കെ.സി. വേണുഗോപാൽ

 
Kerala

കെസിക്കെതിരായ സൈബർ ആക്രമണം; പരാതി നൽകി ദീപ്തി മേരി വർഗീസ്

80 വ‍്യാജ അക്കൗണ്ടുകൾ മുഖേനയാണ് സൈബർ ആക്രമണമെന്നാണ് പരാതിയിൽ പറയുന്നത്

Aswin AM

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് പൊലീസിനെ സമീപിച്ച് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.

80 വ‍്യാജ അക്കൗണ്ടുകൾ മുഖേനയാണ് സൈബർ ആക്രമണമെന്നും കെസിയെ ഉന്നംവയ്ക്കുന്ന അക്കൗണ്ടുകളുടെ പരസ്പര ബന്ധം അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. നേരത്തെ നൽകിയ പരാതിയിൽ നടപടിയുണ്ടാക്കാത്തതിൽ ദീപ്തി മേരി വർഗീസ് വിമർശനവും നടത്തി. 80 അക്കൗണ്ടുകളുടെ വിവരങ്ങൾ‌ പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

അക്കൗണ്ടുകൾ നീക്കണമെന്ന് മെറ്റയോട് ആവശ‍്യപ്പെടണമെന്നാണ് ആവശ‍്യം. നേരത്തെ കെപിസിസി രാഷ്ട്രീയ കാര‍്യ സമിതി അംഗം ജോൺസൺ എബ്രഹാമാണ് കെസിക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

എന്നാൽ നടപടിയുണ്ടാക്കാത്തതോടെ ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും മുന്നോട്ടുപോയില്ല. ഇതിനു പിന്നാലെയാണ് ദീപ്തി മേരി വർഗീസ് വീണ്ടും പരാതി നൽകിയിരിക്കുന്നത്.