'അർണബ്' ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ കരതൊടും; കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാൾ തെക്കുകിഴക്കൻ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുവെന്ന് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു. ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
അർണബ് എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെയോടെ ആന്ധ്രയിലെ ബാപറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം...
മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളായിലായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. ഇത് ഞായറാഴ്ച അതിതീവ്ര ന്യൂനമർദമായിശക്തിപ്രാപിക്കാനും തിങ്കളാഴ്ച രാവിലെ മധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ചൊവ്വാഴ്ച രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് കൂടുതൽ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുകയും ഒക്ടോബർ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുകയും ഉച്ചയ്ക്ക് മുമ്പ് വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീശ തീരത്തിനുമിടയിൽ 115–125 കിലോമീറ്ററും പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെയും അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനും സാധ്യത.
കേരളത്തിൽ ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഒക്റ്റോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.