ഇലക്ട്രിക് പോസ്റ്റും മീറ്ററും കിട്ടാനുള്ള കാലതാമസം കുറയും.
Representative image
തിരുവനന്തപുരം: പോസ്റ്റിന്റെയും മീറ്ററിന്റെയും ക്ഷാമം മൂലം വൈദ്യുതി കണക്ഷനും സോളാർ നെറ്റ് മീറ്ററിങും വൈകുന്ന സാഹചര്യത്തിന് സ്ഥിരം പരിഹാരമൊരുക്കാൻ കെഎസ്ഇബി. മെറ്റീരിയൽ പർച്ചെയ്സ് നടപടിക്രമങ്ങൾ പൂർണമായും കമ്പ്യൂട്ടർവത്കരിച്ച് കടലാസ് രഹിതവും വേഗമേറിയതുമാക്കാനാണ് നീക്കം.
നിലവിൽ നാല് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുന്ന പർച്ചെയ്സ് നടപടികൾ ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. പർച്ചെയ്സ് ആസൂത്രണം മുതൽ മെറ്റീരിയൽ ഡെലിവറി വരെയുള്ള ഘട്ടങ്ങൾ കെഎസ്ഇബിയുടെ സ്വന്തം ഇആർപി സോഫ്റ്റ്വെയറായ 'സമഗ്ര'യുമായി സംയോജിപ്പിക്കും.
സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡാഷ്ബോർഡിലൂടെ ഓരോ ഘട്ടവും തത്സമയം നിരീക്ഷിക്കാനും തടസങ്ങൾ നീക്കാനും സാധിക്കും.ഇ-ടെൻഡർ രേഖകൾ പ്രിന്റ് ചെയ്ത് ഫയൽ ചെയ്യുന്നതും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുന്നതുമായ കാലതാമസമുള്ള രീതികൾ പൂർണമായും ഒഴിവാക്കും.
ടെക്നിക്കൽ പരിശോധനകൾ സോഫ്റ്റ്വെയർ അധിഷ്ഠിതമാക്കുകയും ടെൻഡറിങ് സമയക്രമം പുതുക്കി നിശ്ചയിക്കുകയും ചെയ്യും. ടെൻഡർ നോട്ടിഫിക്കേഷൻ, പ്രീ-ബിഡ് മീറ്റിങ്, ടെക്നിക്കൽ-ഫിനാൻഷ്യൽ ബിഡ് പരിശോധന, ഫിനാൻഷ്യൽ അഡ്വൈസറുടെ അഭിപ്രായം എന്നിവയ്ക്ക് ശേഷം അടങ്കൽ തുകയുടെ അടിസ്ഥാനത്തിൽ ചീഫ് എഞ്ചിനീയർ (5 കോടി വരെ), പർച്ചെയ്സ് സബ് കമ്മിറ്റി (5-20 കോടി), പർച്ചെയ്സ് കമ്മിറ്റി (20-50 കോടി), ഡയറക്ടർ ബോർഡ് (50 കോടിക്ക് മുകളിൽ) എന്നിവയാണ് നിലവിൽ അംഗീകാരം നൽകുന്നത്. ടെൻഡർ രേഖകൾ പേപ്പർ രഹിതമാക്കാനും നവീകരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചു.
പുതിയ പരിഷ്ക്കാരങ്ങൾ വരുന്നതോടെ നിർമ്മാണ സാമഗ്രികൾ വേഗത്തിൽ ലഭ്യമാകുകയും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും ചെയ്യും. വിപണിയിലെ വിലനിലവാരം മനസിലാക്കി ആവശ്യാനുസരണം മാത്രം ഓർഡർ നൽകാൻ കഴിയുന്നതിലൂടെ കെഎസ്ഇബിക്ക് സാമ്പത്തിക ലാഭവും നടപടിക്രമങ്ങളിൽ കൂടുതൽ സുതാര്യതയും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.