കൊടിക്കുന്നിൽ സുരേഷ്

 
Kerala

ദേവസ്വം ബോർഡ് അധ്യക്ഷ പദവി എസ്‌സി വിഭാഗത്തിന് നൽകണം: കൊടിക്കുന്നിൽ സുരേഷ്

അയ്യങ്കാളിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു കൊടിക്കുന്നിലിന്‍റെ ആവശ്യം

Sarath Nath MS

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഏതെങ്കിലും ഒന്നിന്‍റെ അധ്യക്ഷനായി പട്ടികജാതി (എസ്‌സി) വിഭാഗത്തിൽപ്പെട്ട ആളെ നിയമിക്കണമെന്ന് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു കൊടിക്കുന്നിലിന്‍റെ ആവശ്യം.

തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ അഞ്ച് ദേവസ്വം ബോർഡുകളാണ് കേരളത്തിലുള്ളതെന്ന് കൊടിക്കുന്നിൽ പറഞ്ഞു. എന്നാൽ ഇതുവരെ ഇവയിൽ ഒന്നിന്‍റെയും അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളെ നിയമിച്ചിട്ടില്ല. അതിനാൽ അഞ്ച് ദേവസ്വം ബോർഡുകളിലൊന്നിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് എസ്‌സി വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് കുറഞ്ഞത് ഒരു തവണയെങ്കിലും അവസരം നൽകി ചരിത്രം തിരുത്തണം. ഇക്കാര്യത്തിൽ വി.ഡി. സതീശൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

“നമ്മുടെ സമുദായത്തിൽനിന്ന് പേരിനെങ്കിലും ഒരാൾ അവിടെയുണ്ടോ? അഞ്ച് ദേവസ്വം ബോർഡുകളിലൊന്നിലെ ചെയർമാൻ അല്ലെങ്കിൽ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് നൽകിക്കൂടേ? കുറഞ്ഞത് ഒരു കാലാവധിയെങ്കിലും നൽകിക്കൂടേ? അത് നമ്മുടെ അവകാശമല്ലേ? ആരുടെയും ഔദാര്യമല്ല, നമ്മുടെ നിയമപരമായ അവകാശമാണ്”- കൊടിക്കുന്നിൽ പറഞ്ഞു. അയ്യങ്കാളിയുടെ ജന്മവാർഷിക ദിനത്തിൽ ഈ ആവശ്യം കൂടുതൽ പ്രസക്തമാണെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.

അതേസമയം കൊടിക്കുന്നിലിന്‍റെ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. “അദ്ദേഹം മുതിർന്ന നേതാവാണ്. അതിനാൽ അദ്ദേഹം പറയുന്നത് സർക്കാർ തള്ളിക്കളയാനാകില്ല. എന്തായാലും നമുക്ക് അത് പരിഗണിക്കാം”- മുരളീധരൻ പറഞ്ഞു. നിലവിലെ ദേവസ്വം ബോർഡുകൾക്ക് ഇനിയും ഒരു വർഷത്തോളം കാലാവധി ബാക്കിയുള്ളതിനാൽ ആവശ്യം പരിഗണിക്കാൻ സമയമുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

"തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല"; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി

കനത്ത പ്രളയ ദുരന്തത്തിന്‍റെ ആഘാതത്തിലും വിദേശ രക്ഷാസംഘങ്ങളുടെ സഹായം നിരസിച്ച് നേപ്പാൾ; കാരണമെന്ത്?

ട്രാൻസ്ജെൻഡർ നടി ദീപ്തി കല്യാണിയെ അപകീർത്തിപ്പെടുത്തി; ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരേ കേസ്

ഗാന്ധി കുടുംബത്തിനെതിരേ അശ്ലീല ഡീപ് ഫേക്ക് വിഡിയോ പ്രചരിപ്പിച്ചു; 2 എക്സ് അക്കൗണ്ടുകൾക്കെതിരേ കേസ്

പാക് ചാരശൃംഖലയുമായി ബന്ധം; ഡൽഹിയിൽ ദമ്പതികൾ അറസ്റ്റിൽ