സി.വി. ധനരാജ്

 
Kerala

ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്

വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 5.4 വർഷത്തെ പ്രത്യേക തടവും വിധിച്ചിട്ടുണ്ട്

Sarath Nath MS

തളിപ്പറമ്പ്: സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ്. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

ഒന്നാം പ്രതി പയ്യന്നൂർ രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടി.പി. ബിജു (34), രണ്ടാം പ്രതി രാമന്തളി കക്കംപാറയിലെ മാട്ടൂക്കാരൻ വീട്ടിൽ എം. വിപിൻ (34), മൂന്നാം പ്രതിയും സഹോദരനുമായ എം. വൈശാഖ് (31) എന്നിവർക്കാണ് ശിക്ഷ. തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 5.4 വർഷത്തെ പ്രത്യേക തടവും വിധിച്ചിട്ടുണ്ട്. ഈ ശിക്ഷ പൂർത്തിയാക്കിയ ശേഷമാണ് ജീവപര്യന്തം തടവ് തുടങ്ങുക. പ്രതികൾ പിഴ അടയ്ക്കാൻ തയ്യാറല്ലെങ്കിൽ കൂടുതൽ തടവ് അനുഭവിക്കേണ്ടി വരും.

പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ശിക്ഷ പ്രഖ്യാപിക്കവേ കോടതി പറഞ്ഞു. പിഴ തുക ധനരാജിന്‍റെ കുടുംബത്തിന് നൽകണം.

കേസിൽ ആകെ 20 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 12ാം പ്രതി സി. ബിജു പിന്നീട് കൊല്ലപ്പെട്ടു. ശേഷിക്കുന്ന 16 പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.