വി. കുഞ്ഞികൃഷ്ണൻ

 
Kerala

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകൾ നിരത്തി വി. കുഞ്ഞികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് അടക്കമുള്ള രേഖകളാണ് കുഞ്ഞികൃഷ്ണൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്

Aswin AM

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്നും നേതാക്കൾ തിരിമറി നടത്തിയെന്നതിന് തെളിവുകൾ പുറത്തുവിട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് അടക്കമുള്ള രേഖകളാണ് കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടത്.

2018 ജൂലൈ 9ന് പയ്യന്നൂർ റൂറൽ ബാങ്കിലെ ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് രേഖകളിൽ നിന്നും വ‍്യക്തമാകുന്നത്.

കൊവിഡ് കാലമായതിനാൽ പണം കൈമാറുന്നതിന് പരിമിതികൾ ഉണ്ടായിരുന്നുവെന്നും അതിനാലാണ് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്.

വി. കുഞ്ഞികൃഷ്ണന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.

നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ആ തെളിവുകൾ മുന്നോട്ടു വയ്ക്കാൻ കണക്കുകൾ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യം. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ "ധൈര്യപ്പെടേണ്ട".

2018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്‍റെ തെളിവ് ഞാൻ പൊതുസമക്ഷം വയ്ക്കുകയാണ്.

ബാങ്കിന്‍റെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്‍റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്‍റെ പകർപ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്‍റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടത്?

നിങ്ങൾ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങൾക്ക്?

ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങൾ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും.

പോരാട്ടം തുടരുകയാണ്…

'ഇനി വിഡിഎസ് യുഗം'; മുഖ‍്യമന്ത്രിയായി വി.ഡി. സതീശൻ സത‍്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പയ്യന്നൂരിലും തളിപ്പറമ്പിലും എന്ത് കൊണ്ട് തോറ്റു‍? സമിതിയെ നിയോഗിച്ച് സിപിഎം

സത‍്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് ജനസാഗരം; എംഎൽമാർ‌ക്കും മന്ത്രിമാർക്കും ഇരിപ്പിടം നഷ്ടമായി

ടിവികെ സർക്കാർ 6 മാസം പോലും തികയ്ക്കില്ല, സ്റ്റാലിൻ മുഖ‍്യമന്ത്രിയാകും; വിമർശനവുമായി ഡിഎംകെ നേതാവ്

'കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിന് എന്ത് യോഗ‍്യത'; ലീഗ് ഹൗസിനു മുന്നിൽ പോസ്റ്ററും കരിങ്കൊടിയും