തിരുവഞ്ചൂർ രാധാകൃഷ്ണനും എ.സി. മൊയ്തീനും

 
Kerala

ബഹുമാനം കുറയുന്നു; സ്പീക്കറും മൊയ്തീനും തമ്മിൽ തർക്കം

സഭാധ്യക്ഷനെ ആവർത്തിച്ച് വിമർശിക്കുന്നത് ശരിയല്ലെന്നും സമയം പാലിക്കേണ്ടതും സഭാ നടപടികൾ നിയന്ത്രിക്കേണ്ടതും കടമയാണെന്നും സ്പീക്കർ തിരുവഞ്ചൂർ വ്യക്തമാക്കി

Namitha Mohanan

തിരുവനന്തപുരം: അടിയന്തര പ്രമേയ​ നോട്ടീസ് അവതരണത്തിനിടെ സമയം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും എ.സി. മൊയ്തീനും തമ്മിൽ നിയമസഭയിൽ തർക്കം. പൊലീസിന്‍റെ വീഴ്ചകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ സമയം ഓർമിപ്പിച്ച സ്പീക്കറുടെ നടപടിയോട് മൊയ്തീൻ വിയോജിപ്പു പ്രകടിപ്പിച്ചതോടെയാണ് വാഗ്വാദമുണ്ടായത്.

സഭാധ്യക്ഷനെ ആവർത്തിച്ച് വിമർശിക്കുന്നത് ശരിയല്ലെന്നും സമയം പാലിക്കേണ്ടതും സഭാ നടപടികൾ നിയന്ത്രിക്കേണ്ടതും കടമയാണെന്നും സ്പീക്കർ തിരുവഞ്ചൂർ വ്യക്തമാക്കി. താൻ ബഹുമാനത്തോടെയാണ് സംസാരിച്ചതെന്ന് മൊയ്തീൻ പ്രതികരിച്ചു. തുടർന്ന് നേരം വെളുക്കുന്നതുവരെ ബഹുമാനം ബഹുമാനമാണെന്ന് പറയുകയും അതോടൊപ്പം ചെയറിനെതിരേ സംസാരിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

ഇതോടെ, സ്പീക്കർ തടസം ഉണ്ടാക്കിയപ്പോഴല്ലേ വീണ്ടും ആവർത്തിക്കേണ്ടിവരുന്നതെന്ന് മൊയ്തീൻ ചോദിച്ചപ്പോൾ രണ്ടു തവണ ചെയറിനെതിരെ സംസാരിച്ചെന്ന് തിരുവഞ്ചൂർ മറുപടി നൽകി. ഇടയ്ക്കിടെ സമയം ഓർമിപ്പിക്കുന്നത് തന്‍റെ കടമയാണെന്ന് സ്പീക്കർ പറഞ്ഞു.​ അങ്ങ് പ്രതിപക്ഷത്തിരുന്ന് കടമ നിറവേറ്റുന്നതുപോലെ തന്നെ ചെയറിലിരുന്ന് കടമ നിറവേറ്റാനുള്ള അനുവാദം തനിക്കും തരണമെന്നും സ്പീക്കർ അഭ്യർഥിച്ചു. പിന്നാലെ മൊയ്തീൻ പ്രസംഗം തുടരുകയായിരുന്നു.