ഷാഫി പറമ്പിൽ

 
Kerala

കോൺഗ്രസിലെ തർക്കം; ഷാഫി പറമ്പിലിന് പിന്തുണയുമായി കോഴിക്കോട് ഫ്ലക്സ് ബോർഡുകൾ

കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളെച്ചൊല്ലി രാജ്മോഹൻ ഉണ്ണിത്താൻ എംപി ഷാഫി പറമ്പിലിനെതിരേ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം

Sarath Nath MS

കോഴിക്കോട്: കോൺഗ്രസിലെ വിഭാഗീയതയും ആഭ്യന്തര തർക്കങ്ങളും രൂക്ഷമാകുന്നതിനിടെ പാർട്ടി എംപി ഷാഫി പറമ്പിലിന് പിന്തുണയുമായി കോഴിക്കോട് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലും ബോർഡുകൾ സ്ഥാപിച്ചതായി പാർട്ടി നേതാക്കൾ പറഞ്ഞു.

കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകളെച്ചൊല്ലി രാജ്മോഹൻ ഉണ്ണിത്താൻ എംപി ഷാഫി പറമ്പിലിനെതിരേ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ വ്യാഴാഴ്ച കണ്ണൂർ, പാലക്കാട് ജില്ലകളിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കോഴിക്കോട് ജില്ലയിൽ ഡിസിസി ഓഫീസിന് സമീപം, ക്രിസ്ത്യൻ കോളജ് ജങ്ഷൻ, വടകര എന്നിവിടങ്ങളിലാണ് സമാനമായ ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ ഡിസിസി ഓഫീസിന് മുന്നിലെ ബോർഡ് വെള്ളിയാഴ്ച രാവിലെ കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു.

ഉണ്ണിത്താനെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും ബോർഡുകളിൽ ഷാഫി പറമ്പിലിനെ പ്രശംസിക്കുന്നതായി പാർട്ടി പ്രവർത്തകർ പറയുന്നു.

ബോർഡുകളുടെയും കോർപറേഷനുകളുടെയും നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട അതൃപ്തിക്കിടെയാണ് വിവാദം. സർക്കാർ തീരുമാനങ്ങൾ തങ്ങളുമായി ചർച്ച ചെയ്യുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസിലെ എ വിഭാഗം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് (എഐസിസി) പരാതി നൽകിയതായും പറയപ്പെടുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള എ വിഭാഗത്തിൽ ഷാഫി പറമ്പിൽ അംഗമല്ലെന്നും അങ്ങനെ കരുതുന്നത് വിഡ്ഢിത്തമാണെന്നും ഉണ്ണിത്താൻ പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെ ഷാഫി പറമ്പിലിനോട് അടുപ്പമുള്ളവരെന്ന് കരുതപ്പെടുന്ന നേതാക്കൾ ഉണ്ണിത്താന്‍റെ മുൻ പാർട്ടി സ്ഥാനങ്ങളും സസ്പെൻഷനുകളും ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വിമർശനമുന്നയിച്ചു.

തനിക്കെതിരായ ആക്രമണങ്ങൾ സംഘടിതമാണെന്നും വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് നടത്തുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. ആക്രമണങ്ങൾ തുടർന്നാൽ പല സത്യങ്ങളും വെളിപ്പെടുത്തേണ്ടിവരുമെന്നും നിരവധി രഹസ്യങ്ങൾ താൻ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.