ഡോ. ജോൺസൺ വർഗീസ്
കൊച്ചി: നടിയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെടുന്ന സംഘം മർദിച്ചുവെന്ന് കാണിച്ച് പരാതി നൽകിയതിനു പിന്നാലെയാണ് ജോൺസണെതിരേ യുവതി ബലാത്സംഗക്കേസ് കൊടുത്തത്. താൻ നൽകിയ പരാതിയെ പ്രതിരോധിക്കുന്നതിനായാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്നാണ് ജോൺസൺ ആരോപിക്കുന്നത്.
ഒക്റ്റോബർ 10ന് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ നവംബർ 4ന് ശേഷമാണ് പരാതി നൽകിയതെന്നും കാലതാമസത്തിനു പിന്നിൽ അസ്വാഭാവികതയുണ്ടെന്നും ജോൺസൺ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.
മെഡിക്കൽ സർട്ടിഫിക്കറ്റിനായി സമീപിച്ച തന്നെ ഡോക്റ്റർ ഇൻഫോപാർക്കിലെ ഹോട്ടലിലേക്ക് കൊണ്ടു പോയെന്നും ഒരുമിച്ച് മദ്യപിച്ചതിനു ശേഷം തളർച്ച തോന്നിയപ്പോൾ മുറിയെടുത്ത് താമസിച്ചുവെന്നും പിറ്റേന്നാണ് ബലാത്സംഗം ചെയ്തതായി തിരിച്ചറിഞ്ഞതെന്നുമാണ് യുവതിയുടെ പരാതി.
എന്നാൽ പ്രായപൂർത്തിയായ രണ്ടു പേർ മദ്യപിക്കുന്നതോ മുറിയിൽ ഒരുമിച്ച് കഴിയുന്നതോ കൊണ്ട് ബലാത്സംഗമാണെന്ന് പറയാനാകില്ലെന്ന് ജോൺസൺ വാദിക്കുന്നു. താൻ ഒരു പ്രൊഫഷണൽ ഡോക്റ്ററാണ്. ഒളിവിൽ പോകുകയില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയാറാണെന്നുമാണ് മുൻകൂർ ജാമ്യ അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ജോൺസന്റെ മൊബൈൽ ഫോണിൽ നിന്ന് ഒട്ടനവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ഫോൺ പരാതിക്കാരിയാണ് പൊലീസിന് കൈമാറിയത്.