ഡബിൾ ഡെക്കർ ബസ് മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു
കോഴിക്കോട്: കെഎസ്ആർടിസിയുടെ പുതിയ ഓപ്പൺ ഡബിൾ ഡെക്കർ സിറ്റി ബസ് കോഴിക്കോടിന് സമർപ്പിച്ചു. മന്ത്രി പി.എ, മുഹമ്മദ് റിയാസാണ് ഫ്ളാഗ് ഓഫ് ചെയ്ത് ബസിന്‍റെ യാത്ര ഉദ്ഘാടനം ചെയ്തത്. സ്വിച്ച് മൊബിലിറ്റി കമ്പനിയുടെ ഇലക്‌ട്രിക്കൽ ബസാണ് സർവീസ് നടത്തുന്നത്. രണ്ട് നിലകളിലായി 64 സീറ്റാണ് ബസിലുള്ളത്. മുകളിൽ 36 സീറ്റും താഴെ 28 സീറ്റുമുണ്ട്. ഓൺലൈൻ വഴിയും ഫോൺ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് സർവീസിന്‍റെ ലക്ഷ്യം.
എല്ലാദിവസവും വൈകിട്ട് മൂന്നുമണിയോടെ തുടങ്ങി രാത്രി 10.30 ഓടെ സർവീസ് അവസാനിക്കുന്നവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് തുടങ്ങി സരോവരം ബയോപാർക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ കാഴ്ചകളിലൂടെയാകും സർവീസ്. രണ്ടാംഘട്ടത്തിൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കാപ്പാട്, ചാലിയം, ബേപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും. നിലവിൽ തിരുവനന്തപുരം, മൂന്നാർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലാണ് സമാന സർവീസുകൾ ഉള്ളത്.