എഫ് ട്യൂൺ ക്രീം കുറിച്ച് നൽകിയ ഡോക്റ്റർക്കെതിരേ ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം ആരംഭിച്ചു
മലപ്പുറം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മെർക്കുറി അടങ്ങിയ വിവാദ എഫ് ട്യൂൺ കുറിച്ച് നൽകിയ ഡോക്റ്റർ എസ്.ആർ. ബാലകൃഷ്ണനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഡ്രഗ് കൺട്രോൾ വിഭാഗം. ഡോക്റ്റർ ജോലി ചെയ്തിരുന്ന ക്ലിനിക്കുകളിലും ക്രീം വിറ്റ മെഡിക്കൽ ഷോപ്പിലും വിശദമായ അന്വേഷണം നടത്തും.
ഡോക്റ്റർക്കെതിരേ നിരവധി പേരാണ് ആരോപണവുമായി എത്തിയിരിക്കുന്നത്. ഡോക്റ്റർ 10 വർഷത്തേക്ക് ക്രീം കുറിച്ചു നൽകുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രീം ഉപയോഗിച്ച് നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന വാർത്തകൾ പുറത്തു വന്നതിന് ശേഷമാണ് ഡോക്റ്റർ ഈ മരുന്ന് കുറിച്ചതും അതിനെ ന്യായീകരിക്കുന്നതും. ക്ലിനിക്കിൽ നിന്ന് നൂറുകണക്കിന് രോഗികൾക്ക് ഈ മരുന്ന് കുറിച്ചു നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഇതിനിടെ പ്രശ്നങ്ങള്‍ പറഞ്ഞവരുടെ പരാതി ഒതുക്കിത്തീർക്കാൻ ഡോക്റ്റർ പണം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. ഈ ഡോക്റ്ററുടെ നിർദേശ പ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പിൽ ഈ ക്രീമുകൾ എത്തിച്ചിരുന്നത്. ബില്ലുകളോ ലൈസൻസോ ഇല്ലാതെ മാറ്റിവച്ചാണ് ഈ ക്രീമുകൾ വിറ്റിരുന്നതെന്നാണ് വിവരം.