എളമരം കരീം
file image
കോട്ടയം: പണിമുടക്ക് ഒഴിവാക്കിയുള്ള പുതിയ സമരരീതി ആവിഷ്‌കരിക്കാൻ കഴിയില്ലെന്ന് സിഐറ്റിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം. തൊഴിലാളികളുടെ ഏറ്റവും ശക്തമായ ആയുധമാണ് പണിമുടക്ക്. പണിമുടക്കണമെന്ന് വാശിയില്ല പക്ഷേ ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന സിഐറ്റിയു സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ മെമ്പർഷിപ് സ്വീകരണം ഡിജിറ്റൽ രീതിയിലാക്കും. തൊഴിലാളികളുടെ ഡാറ്റാ ബേസ് തയാറാക്കി പ്രവർത്തനത്തിന് കൃത്യത വരുത്തും. പഴയരീതി തുടരില്ല. കാലം മാറിയതിനാൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതു പ്രകടനം ഒഴിവാക്കി.
പ്രതിനിധികൾ ഉൾപ്പെട്ട റാലി സമ്മേളന വേദിയിലേക്ക് നടത്തും. നേരത്തെ ഒരുലക്ഷം പേരുടെ പ്രകടനമാണ് നഗരത്തിൽ നിശ്ചയിച്ചിരുന്നത്. ലേബർ കോഡിനെതിരേ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിൽ കേരളത്തിൽ നിന്ന് 20,000 പേർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.