പല്ലാട്ട് ബ്രഹ്മദത്തൻ
കോട്ടയം: പൂരങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ആന പ്രേമികളുടെ ഹരമായിരുന്ന ഗജശ്രേഷ്ഠൻ പല്ലാട്ട് ബ്രഹ്‌മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുള്ള മിന്നലേറ്റാണ് ബ്രഹ്മദത്തൻ ചരിഞ്ഞത്.
കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ബ്രഹ്മദത്തനെ, ഭരണങ്ങാനം മേലമ്പാറയിലെ രാജേഷിൻ്റെ വീടിന് സമീപം നീരിളക്കത്തെ തുടർന്ന് തളച്ചിരിക്കുകയായിരുന്നു.
ആനകളിൽ പൊതുവെ ശാന്തനായ ബ്രഹ്‌മദത്തൻ തൃശൂർപൂരമടക്കം കേരളത്തിൻ്റെ ഉത്സവ എഴുന്നള്ളിപ്പുകളിലെ നിറസാന്നിധ്യമായിരുന്നു. ആനപ്രേമികളുടെ പ്രിയങ്കരനായ ഗജശ്രേഷ്ഠനായിരുന്നു ഗജ കൗസ്തുഭം പട്ടം നേടിയ പല്ലാട്ട് ബ്രഹ്മദത്തൻ. 10 അടിയോളം പൊക്കമുള്ള ഈ ആനയെ ബീഹാറിൽ നിന്ന് വാങ്ങിയതാണ്. പിന്നീട് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആനപ്രേമികളുടെ ഹരമായി മാറുകയായിരുന്നു ബ്രഹ്മദത്തൻ എന്ന പേരിൽ.
തൃശൂർ പൂരത്തിന് പാറമേക്കാവിലെ രാത്രി പൂരത്തിന് തിടമ്പേറ്റുന്നത് ബ്രഹ്മദത്തനായിരുന്നു. സ്നേഹിക്കുന്നതിൽ ആനയുടെ ഭാവം കണ്ടത് ബ്രഹ്മദത്തനിലൂടെയായിരുന്നു. 25 വർഷത്തോളം അവൻ്റെ പാപ്പാനായിരുന്ന ളാക്കാട്ടൂർ ദാമോദരൻ നായർ അന്തരിച്ചപ്പോൾ അവിടെ സംസ്കാര ചടങ്ങിനിടെ ആനയെയും കൊണ്ടുപോയി. പുതപ്പിച്ച് കിടത്തിയിരിക്കുന്ന തൻ്റെ പാപ്പാനെ കണ്ട ബ്രഹ്മദത്തൻ കണ്ണീരണിഞ്ഞ് മൃതദേഹത്തിൽ തുമ്പിക്കൈ കൊണ്ട് തൊട്ട് നമസ്കരിച്ചത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇനി ആ സ്നേഹം പങ്കുവയ്ക്കാൻ പൂരപ്പറമ്പുകളിലേക്ക് ബ്രഹ്മദത്തനുണ്ടാവില്ല.