എറണാകുളം- തൃശൂർ ദേശീയപാതയിൽ ഗതാക്കുരുക്ക് രൂക്ഷം
തൃശൂർ: എറണാകുളം- തൃശൂർ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് നിലവിലും തുടരുകയാണ്. മരണച്ചടങ്ങുകൾക്കു പങ്കെടുക്കേണ്ടവർ, വിമാനത്താവളത്തിലേക്കു പോകേണ്ടവർ എന്നിങ്ങനെ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.
മുരുങ്ങൂരിലെ അടിപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് സർവീസ് റോഡിൽ വെള്ളിയാഴ്ച തടിലോറി കുഴിയിൽ വീണു മറിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഗതാഗത തടസം രൂക്ഷമായത്.
ലോറിയിൽ നിന്നും റോഡിലേക്ക് വീണ തടിക്കഷണങ്ങൾ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നായിരുന്നു നീക്കം ചെയ്തത്. തടിക്കഷണങ്ങൾ നീക്കം ചെയ്തതോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചെങ്കിലും ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാവുകയായിരുന്നു.
ലോറിയിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരുക്കുകളില്ല. ചാലക്കുടി ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന റോഡിലായിരുന്നു ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്കുള്ള ചെറു വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതായി ഡിവൈഎസ്പി അറിയിച്ചിട്ടുണ്ട്.
അതേസമയം കൊടകരയിലും പോട്ടയിലും മറ്റ് വാഹനങ്ങൾക്ക് പോകാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മുരുങ്ങൂരിൽ വാഹനങ്ങൾ വരിതിരിച്ചു വിടുന്നുണ്ട്.