സുരേഷ് ഗോപി

 
Kerala

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാം, പക്ഷേ രാഷ്ട്രീയവത്കരിക്കരുത്: സുരേഷ് ഗോപി

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്

Sarath Nath MS

തൃശൂർ: പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കർണാടക, കേരള സർക്കാരുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി.

ഇന്ധന പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കണ്ടെത്തിയെന്ന കർണാടക സർക്കാരിന്‍റെ അവകാശവാദത്തിന് പിന്നാലെയാണ് കേരളവും സമാനമായ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിന്‍റെ പ്രായോഗികതയും ശാസ്ത്രീയ വശങ്ങളും വിലയിരുത്തിയ ശേഷമാണ് ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ലക്ഷ്യത്തോടെ അനാവശ്യ വിവാദങ്ങളും ചെളിവാരിയെറിയലും നടത്തുന്നത് ആത്യന്തികമായി ആരെയാണ് ബാധിക്കുകയെന്നും അതിന്‍റെ പ്രത്യാഘാതങ്ങൾ എവിടെയായിരിക്കും ഉണ്ടാകുകയെന്നും പരിശോധിക്കേണ്ടിവരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.