പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്

 
Kerala

പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്

നവംബർ 10ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് സമൻസിൽ ആവശ്യപ്പെട്ടു

Sarath Nath MS

തിരുവനന്തപുരം: പരീക്ഷയിലും നിയമനങ്ങളിലും നടന്ന ക്രമക്കേടുകളിൽ കേരള പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് വീണ്ടും സമൻസ് അയച്ചു. നവംബർ 10ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് സമൻസിൽ ആവശ്യപ്പെട്ടു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ച നടത്താനിരുന്ന രണ്ടാംഘട്ട ചോദ്യംചെയ്യലിൽ നിന്ന് ബൈജു വിട്ടുനിന്നിരുന്നു.

കഴിഞ്ഞ മാസം ബൈജുവിനെയും പിഎസ്‌സിയിലെ നാല് അംഗങ്ങളെയും കമ്മിഷൻ സെക്രട്ടറിയെയും പരീക്ഷാ കൺട്രോളറെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

സംസ്ഥാന ആസൂത്രണ ബോർഡിലെ തസ്തികകളിലേക്കുള്ള പിഎസ്‌സി നിയമന പരീക്ഷയിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു.

ഓൺസ്‌ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിലെ പിഴവിനെ തുടർന്ന് സാമ്പത്തികശാസ്ത്രത്തിലെ 58 മാർക്കിന്‍റെ പത്ത് വിവരണാത്മക ചോദ്യങ്ങൾ മൂല്യനിർണയകർക്ക് ലഭിച്ചില്ലെന്നും ഇതോടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതെ കിടന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ആദ്യം മൂന്നാം റാങ്ക് നേടിയ ശ്യാം കൃഷ്ണ നൽകിയ പരാതിയെ തുടർന്ന് ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയം നടത്തി. ഇതോടെ ശ്യാം കൃഷ്ണ ഒന്നാം റാങ്കിലെത്തി. ആദ്യം ഒന്നാം റാങ്ക് നേടിയിരുന്ന അരുൺ ജെ. പ്രദീപ് പുനർമൂല്യനിർണയത്തിനുശേഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് പിഎസ്‌സി നടത്തിയ മറ്റ് നിയമന പരീക്ഷകളിലെ ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച ക്രൈംബ്രാഞ്ച് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതുവരെ പിഎസ്‌സി ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡിഷണൽ സെക്രട്ടറി ആർ. ഹരി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.