പ്രതീകാത്മക ചിത്രം
ഏലപ്പാറ: വിനോദയാത്രയ്ക്ക് എത്തിയ നാലംഗ സംഘത്തിന്‍റെ കാർ പാലത്തിന്‍റെ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ഇടുക്കിയിലെ ഏലപ്പാറയിൽ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
പത്തനംതിട്ട അടൂർ സ്വദേശി അഭിഷേക് എസ്. നായർ (27) ആണ് മരിച്ചത്. അഭിഷേക്, ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിരാം, അഫ്സ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വിനോദയാത്രയ്ക്കായി കുട്ടിക്കാനത്തെ റിസോർട്ടിലെത്തിയതായിരുന്നു നാലുപേരും. ഇവരുടെ സുഹൃത്തുക്കൾ താമസിച്ചിരുന്ന കരിന്തരുവിയിലെ മറ്റൊരു റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഏലപ്പാറ ഫോർത്ത് മൈലിൽ അമിത വേഗത്തിലെത്തിയ കാർ പാലത്തിലേക്ക് പ്രവേശിക്കുന്നതും കൈവരി തകർത്ത് പുഴയിലേക്ക് പതിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
പ്രദേശവാസികൾ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിലുണ്ടായിരുന്ന മൂന്ന് പേരെ പുറത്തെടുത്തത്. അഭിഷേകിനെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. പരുക്കേറ്റവരെ പീരുമേട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. വാഹനം ഓടിക്കുന്നതിനിടെ അഭിഷേക് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തു.