കോഡർ ഹൗസ് (ഫയൽ ചിത്രം)
കൊച്ചി: ഫോർട്ട് കൊച്ചിയുടെ ജൂത പൈതൃകത്തിന്‍റെ ഭാഗമായ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രി 6.50ഓടെയാണ് ടവർ റോഡിൽ ചുവപ്പ് നിറത്തിൽ മൂന്ന് നിലകളുള്ള ഇഷ്ടിക കൊണ്ട് നിർമിച്ച കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്‍റെ മുകളിലെ നിലയിലാണ് തീ പിടിച്ചത്. മുകളിലെ നില പൂർണമായി കത്തിനശിച്ചുവെന്നാണ് വിവരം. മട്ടാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന, നാവികസേനയുടെയും കോസ്റ്റ്ഗാർഡിന്‍റെയും ഫയർ ഫോഴ്സ് യൂണിറ്റുകൾ എന്നിവയെത്തി രാത്രി പത്തോടെ തീ നിയന്ത്രണവിധേയമാക്കി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ അഭ്യർഥനയെ തുടർന്നാണ് നാവികസേന, കോസ്റ്റ്ഗാർഡ് എന്നിവ അടിയന്തരമായി രംഗത്തിറങ്ങിയത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിനുണ്ടായ നാശനഷ്ടത്തിന്‍റെ തോത് വ്യക്തമല്ല.
1808 നിർമിച്ച ഈ പൈതൃക കെട്ടിടം കൊച്ചിയിലെ ജൂതപാരമ്പര്യത്തിന്‍റെ ശേഷിപ്പ് കൂടിയാണ്. കൊച്ചിയിലെ പ്രമുഖ ജൂത കുടുംബമായിരുന്ന കോഡർ കുടുംബത്തിന്‍റെ വസതിയായിരുന്നു ഇവിടം. നിലവിൽ പൈതൃക ഹോട്ടലായി പ്രവർത്തിക്കുകയാണ് കോഡർ ഹൗസ്. കെട്ടിടത്തിന്‍റെ ചരിത്രപ്രാധാന്യം കണക്കിലെടുക്കുമ്പോൾ നഷ്ടം പണത്തിന്‍റെ മൂല്യത്തിൽ മാത്രം കണക്കാക്കാനാകില്ലെന്ന് മുൻ കൊച്ചി മേയർ കെ. ജെ. സോഹൻ പറഞ്ഞു.
19-ാം നൂറ്റാണ്ടിലാണ് കോഡർ ഹൗസിന്‍റെ ചരിത്രം ആരംഭിക്കുന്നത്. പോർച്ചുഗീസ് മാൻഷനായാണ് കെട്ടിടം ആദ്യം നിർമിച്ചത്. പ്രമുഖ കൊച്ചി യഹൂദ കുടുംബാംഗമായ സാമുവൽ എസ്. കോഡർ 1905ൽ കെട്ടിടം വാങ്ങി നവീകരിച്ചു. ഇതോടെയാണ് കെട്ടിടത്തിന് വ്യത്യസ്തമായ ഇൻഡോ-യൂറോപ്യൻ വാസ്തുശൈലി ലഭിച്ചത്.
കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ നടത്തിപ്പുകാരനായിരുന്ന സാമുവൽ കോഡർ നെതർലൻഡ്സിന്‍റെ ഓണററി കോൺസലായും പ്രവർത്തിച്ചിരുന്നു. കൊച്ചിയിലെ ഫ്രീമേസൺസ് സംഘടനയുടെ ശാഖ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. സാമുവൽ കോഡറിന്‍റെ പേരക്കുട്ടികളിലൊരാൾ വിൽക്കുന്നതുവരെ കെട്ടിടം കോഡർ കുടുംബത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു.
യൂറോപ്യൻ, ഇന്ത്യൻ വാസ്തുശൈലികളുടെ സമ്മിശ്രമാണ് കോഡർ ഹൗസിന്‍റെ പ്രത്യേകത. വിശാലമായ മുറികൾ, കടലിലേക്ക് തുറക്കുന്ന ജനലുകൾ, തടി നിലകൾ, കൊത്തുപണികളുള്ള ഫർണിച്ചറുകൾ, വരാന്തകൾ എന്നിവ കെട്ടിടത്തിന്‍റെ പ്രധാന സവിശേഷതകളാണ്.
വലിയ ഗ്ലാസ് പാളികളുള്ള ജനലുകളും കെട്ടിടത്തിന്‍റെ പ്രത്യേകതയാണ്. ഇവയിലെ ഗ്ലാസ് ബെൽജിയത്തിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് കരുതുന്നത്. ചെസ് ബോർഡ് മാതൃകയിൽ ക്രമീകരിച്ച തറയോടുകളും ശ്രദ്ധേയമാണ്. വീതിയേറിയ തേക്കുതടിയിൽ നിർമിച്ച പടികളും മൂന്ന് നിലകളിലുമുള്ള വിശാലമായ തുറന്ന ഇടങ്ങളും കെട്ടിടത്തിന്‍റെ പൈതൃകഭംഗി വർധിപ്പിക്കുന്നു.