പ്രതീകാത്മക ചിത്രം
കോഴിക്കോട്: പഴയ ഫറോക്ക് പാലത്തിനടിയിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം. ബോട്ടിന്റെ എൻജിനിലും ഇന്ധനടാങ്കിലുമാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ആർജെ എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. ബോട്ട് കെട്ടിയിരുന്ന കയർ തീപിടിച്ച് പൊട്ടുകയും ബോട്ട് പാലത്തിന്റെ അടിഭാഗത്തേക്ക് ഒഴുകി നീങ്ങുകയും ചെയ്തതോടെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം തടസപ്പെട്ടു.
തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ കയറുകളുമായി പുഴയിലിറങ്ങി നീന്തി ബോട്ടിനടുത്തെത്തി. ഇവർ ബോട്ടിൽ കയർ കെട്ടി സുരക്ഷിതമാക്കിയശേഷം മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരയിലേക്ക് വലിച്ചടുപ്പിച്ചു. തുടർന്ന് വെള്ളം പമ്പ് ചെയ്ത് തീ പൂർണമായും അണയ്ക്കുകയായിരുന്നു.
ബോട്ടിന്റെ എൻജിനിൽ നിന്നാകാം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.