ടോമിൻ തച്ചങ്കരി

 
Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരി ജയിൽ മോചിതനായി

അനധികൃത സ്വത്ത് സമ്പാദനകേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതോടെയാണ് മുൻ ഡിജിപി ജയിൽ മോചിതനായത്

Aswin AM

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതോടെ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിൽ മോചിതനായി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്.

സെപ്റ്റംബർ 17നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷം കഠിന തടവിനു വിധിച്ചത്. 30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് തച്ചങ്കരിയെ പൂജപ്പുര സെൻട്രൽ ജയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് ആധ്യമായാണ് മുൻ ഡിജിപി അഴിമതിക്കേസിൽ ജയിലിലായത്.

2003 ജനുവരി ഒന്നുമുതൽ 2007 ജൂലായ് നാലുവരെയുള്ള കാലയളവിൽ ഐജിയായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിജിലൻസ് കേസ്. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ ആകെ വരുമാനം 47,64,913 രൂപയായിരുന്നു. എന്നാൽ, 1.02 കോടി രൂപ ചെലവാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. 135 ശതമാനം അധികസ്വത്ത് സമ്പാദിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പക്ഷേ, 30,84,892 രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കോടതി കണ്ടെത്തിയത്. ഈ സമ്പാദ്യത്തിന്റെ വരവ് ബോധ്യപ്പെടുത്താൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. ഈ തുകയാണ് പിഴയായിവിധിച്ചത്.