കെ.കെ ശൈലജ, പി.കെ ശ്രീമതി, വീണ ജോര്‍ജ്

 
Kerala

ആരോഗ്യമന്ത്രി എല്ലാം നിസാരവത്കരിക്കുന്നു, രാജി വയ്ക്കണമെന്ന് മുൻ മന്ത്രിമാർ; പുല്ലു വിലയെന്ന് മുരളീധരൻ

മൂന്നുപേരും സ്വസ്ഥമായി വിശ്രമിക്കൂവെന്നും ആരോഗ്യവകുപ്പിലെ കാര്യം താന്‍ തന്നെ അഞ്ചുകൊല്ലം നോക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ രൂക്ഷ വിമശനവുമായി മുന്‍ ഇടത് മന്ത്രിസഭകളിലെ ആരോഗ്യമന്ത്രിമാര്‍ സംയുക്ത വാർത്താസമ്മേളനം നടത്തി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ. പി.കെ ശ്രീമതി, കെ.കെ ശൈലജ, സംസ്ഥാന സമിതി അംഗം വീണ ജോര്‍ജ് എന്നിവരാണ് ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. നിസാരം എന്ന മട്ടില്‍ ആണ് കെ. മുരളീധരന്‍ ആരോഗ്യ വകുപ്പ് ചുമതല ഏറ്റെടുത്തതെന്ന് പി.കെ ശ്രീമതി ആരോപിച്ചു. എല്ലാറ്റിനെയും നിസാരവല്‍ക്കരിക്കുകയാണ്. ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരുമില്ല.

നീതിബോധമില്ലാത്ത പ്രവർത്തനമാണ് നടത്തുന്നത്.എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ കഴിഞ്ഞ് പത്ത് കൊല്ലം ആരോഗ്യരംഗത്ത് ഉണ്ടായിരുന്നെന്നും എന്നാൽ, ഇത് തകർക്കുന്ന സമീപനമാണ് പുതിയ സർക്കാരിന്‍റേതെന്നും അവർ‌ കുറ്റപ്പെടുത്തി. എസ്എംഎ ബാധിച്ച കുട്ടികളിൽ ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന് എങ്ങനെ പ്രയോഗിച്ചുവെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. മന്ത്രിമാര്‍ മരുന്ന് കമ്പനികളുടെ ഏജന്‍റുമാരെ കാണാന്‍ പാടില്ല. കമ്പനി പ്രതിനിധികളെ കൂട്ടികൊണ്ട് വന്നത് എസ്എടി സൂപ്രണ്ടാണ്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. എല്‍ഡിഎഫ് കാലത്ത് ഒരു ഏജന്‍റും മന്ത്രിമാരെ കണ്ടിട്ടില്ല.

പിന്നെ എന്തിനാണ് കെഎംഎസ്‌സിഎല്‍ എന്നും ശ്രീമതി ചോദിച്ചു. എസ്എംഎ രോഗികളായ കുട്ടികളെ പരീക്ഷണത്തിന് വിധേയമാക്കിയെന്നും പൊതു ജനരോഗ്യ മേഖല തകര്‍ന്നു പോകുമോ എന്ന് ഭയമുണ്ടെന്നും കെ.കെ ശൈലജ ചൂണ്ടിക്കാട്ടി. രക്ഷിതാക്കളെ സര്‍ക്കാര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. മരുന്ന് ക്വാളിറ്റി ചെക്കിങ് പരിശോധന സംവിധാനം ദുര്‍ബലമായെന്നും ശൈലജ ആരോപിച്ചു. ബയോ ഐക്യുലന്‍സ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണം. ക്ലിനിക്കല്‍ ട്രയല്‍ മരുന്ന് എങ്ങനെ കൊടുത്തു എന്ന് അന്വേഷിക്കണം.

ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ കുറിച്ച് ആശങ്ക ഉണ്ട്. സ്വകാര്യ മേഖലയെ കൈപിടിച്ച് കൊണ്ട് വരാനുള്ള ശ്രമമാണെന്നും ആരോഗ്യ മേഖലയെ സ്വകാര്യ മേഖലക്ക് തീറെഴുതാന്‍ ഉള്ള ശ്രമമാണെന്നും ശൈലജ കുറ്റപ്പെടുത്തി. മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുന്നുവെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വീണ ജോര്‍ജും പ്രതികരിച്ചു. ടെക്‌നിക്കല്‍ കമ്മിറ്റി ജനറിക് മരുന്ന് പരിഗണിക്കാം എന്ന് റിപോര്‍ട്ട് ചെയ്തു. ഭരണമാറ്റത്തിന് ശേഷം സെപ്റ്റംബറില്‍ ആണ് ടെന്‍ഡര്‍ ചെയ്തത്. ടെക്‌നിക്കല്‍ ഇവാല്യൂവേഷന്‍ നടന്നിട്ടില്ല. നടന്നിട്ടുണ്ട് എങ്കില്‍ തെളിവ് ഹാജരാക്കണം. സാമ്പിള്‍ രേഖപ്പെടുത്തിയ പാക്കറ്റില്‍ കെഎംഎസ്‌സിഎല്‍ പേരില്ല. രക്ഷിതാക്കളെ പാക്കറ്റ് തിരിച്ച് കൊടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും വീണ ജോര്‍ജ് ആരോപിച്ചു. മന്ത്രിയെന്ന നിലയില്‍ നാറ്റ്‌കോയുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. ടാസ്‌ക് ഫോഴ്‌സ് പ്രസന്‍റേഷന്‍ തയാറാക്കിയത് കമ്പനികള്‍ എന്നും വീണ ജോര്‍ജ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം അതാണ് പ്രധാനം. കൃത്യമായ അനുമതികള്‍ ഉണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

മരുന്ന് കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണമെന്നും മുൻ ആരോഗ്യമന്ത്രിമാർ ആവശ്യപ്പെട്ടു.അതേസമയം, ആരോപണങ്ങളോട് പ്രതികരിച്ച കെ. മുരളീധരൻ, മുന്‍ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങള്‍ക്ക് പുല്ലുവിലയാണെന്ന് രൂക്ഷമായി പ്രതികരിച്ചു. ആരോഗ്യവകുപ്പ് നശിപ്പിച്ചതല്ലാതെ ഇത്രയും കാലം ഭരിച്ചിട്ട് ഒന്നും ചെയ്യാത്തവരാണിവര്‍. മൂന്നുപേരും സ്വസ്ഥമായി വിശ്രമിക്കൂവെന്നും ആരോഗ്യവകുപ്പിലെ കാര്യം താന്‍ തന്നെ അഞ്ചുകൊല്ലം നോക്കുമെന്നും മുരളീധരന്‍ പരിഹസിച്ചു.