അറസ്റ്റിലായ പ്രതികൾ
മൂന്നാർ: നീലക്കുറിഞ്ഞി പൂവ് കാണാനെത്തിയ വേളയിൽ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി കട്ടിപ്പാറ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ, കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്മിൻ, പുതുപ്പാടി പെരുമ്പള്ളി സ്വദേശി മുഹമ്മദ് നിസാൻ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 19നാണ് വിവാദമായ സംഭവം. നീലക്കുറിഞ്ഞി കാണാനെത്തിയ യുവാക്കൾ പള്ളിവാസലിലെ മലമുകളിൽ സെന്‍റ് ആൻ പള്ളി സ്ഥാപിച്ച കുരിശിന് മുകളിൽ കയറി ഫോട്ടോ എടുക്കുകയായിരുന്നു. തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ മൂന്നാർ എഎസ്പിയുടെ നേതൃത്വത്തിൽ ഇവരെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.