അങ്കണവാടി കരിക്കുലം നവീകരിക്കും; സ്മാർട് ഫോൺ വിതരണം വേഗത്തിലാക്കുമെന്നും മന്ത്രി
തിരുവനന്തപുരം: വരുന്ന വർഷം മുതൽ അങ്കണവാടി കരിക്കുലം നവീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. വനിതാ ശിശു ക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയാണ് ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്. അങ്കണവാടി വർക്കർമാർക്ക് സ്മാർട് ഫോണുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാലത്തിനിടെ കുട്ടികളുടെ വളർച്ചാ രീതികളിലും സാഹചര്യങ്ങളിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നും അതു കൊണ്ടു തന്നെ പഠനരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വിദ്യാഭ്യാസം എന്നിവയ്ക്കാണ് സർക്കാർ മുൻഗണന കൊടുക്കുന്നത്.
അങ്കണവാടി ജീവനക്കാരുടെ അമിത ജോലിഭാരം കുറഞ്ഞ പ്രതിഫലം എന്നിവയെക്കുറിച്ച് സർക്കാർ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും അങ്കണവാടി ജീവനക്കാരുടെ ക്ഷേമത്തിനു വേണ്ടി പറ്റാവുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടികൾ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റാനും നിർമാണത്തിൽ മാറ്റം വരുത്താനും ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.