ചാലക്കയം-പമ്പ റോഡ് നവീകരിച്ചു

 
Kerala

ശബരിമല തീർഥാടകർക്ക് ആശ്വാസവാർത്ത; ചാലക്കയം-പമ്പ റോഡ് നവീകരിച്ചു

ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ പാത

Sarath Nath MS

പത്തനംതിട്ട: ശബരിമല തീർഥാടന കാലത്തിന് മുന്നോടിയായി ചാലക്കയം–പമ്പ റോഡിന്‍റെ നവീകരണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. 4.5 കിലോമീറ്റർ ദൂരം 14.14 കോടി രൂപ ചെലവിൽ 30 ദിവസം കൊണ്ടാണ് നവീകരിച്ചത്.

ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഏറെ പ്രധാനപ്പെട്ട ഈ പാതയുടെ നിർമാണം ഒൻപത് മാസത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ റെക്കോഡ് വേഗത്തിൽ നവീകരണം പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.

ഒക്റ്റോബർ 13ന് ആരംഭിച്ച പ്രവൃത്തികൾ നവംബർ 13ന് പൂർത്തിയായി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ദിശാസൂചക ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. 41 ദിവസം നീളുന്ന മണ്ഡല തീർഥാടന കാലം നവംബർ 17ന് ആരംഭിക്കും.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ അധ്യക്ഷതയിൽ ശബരിമല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ (ടിഡിബി) പരിപാലനത്തിലായിരുന്ന റോഡ് മോശം അവസ്ഥയിലായിരുന്നതിനാൽ തീർഥാടന കാലത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. റോഡിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് പ്രത്യേക നവീകരണ പ്രവൃത്തികൾ നടത്തിയത്. ദേവസ്വം ബോർഡിന്‍റെ നിക്ഷേപത്തുക ഉപയോഗിക്കാതെ സർക്കാർ ഫണ്ടാണ് ഇതിനായി വിനിയോഗിച്ചത്.

ജില്ലാ ഭരണകൂടം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, കരാറുകാരൻ എന്നിവരുടെ ഏകോപിത പ്രവർത്തനമാണ് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് ജില്ലാ കളക്റ്റർ എ. നിസാമുദ്ദീൻ പറഞ്ഞു. അനുകൂല കാലാവസ്ഥയും പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി.