ഗുരുവായൂർ ക്ഷേത്രം

 
Kerala

ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഭക്തരോട് മാന്യമായി പെരുമാറണം: ഹൈക്കോടതി

ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുമ്പോൾ ഭക്തരുടെ താൽപര്യങ്ങളും ദർശനത്തിനായി കാത്തുനിൽക്കുന്നവരുടെ സൗകര്യങ്ങളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു

Sarath Nath MS

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഭക്തരോട് ആദരവോടെയും മാന്യതയോടെയും പെരുമാറണമെന്നും സംയമനം പാലിക്കണമെന്നും ഹൈക്കോടതി. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുമ്പോൾ ഭക്തരുടെ താൽപര്യങ്ങളും ദർശനത്തിനായി കാത്തുനിൽക്കുന്നവരുടെ സൗകര്യങ്ങളും ഒരുപോലെ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

ഭക്തരെ ജീവനക്കാർ ഉപദ്രവിക്കുകയും വിവേചനത്തോടെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതികളിൽ സ്വമേധയാ എടുത്ത രണ്ട് കേസുകൾ അവസാനിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.

ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തനെയും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള മര്യാദയോടെയും ബഹുമാനത്തോടെയും പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവനക്കാർ ഏത് തലത്തിലുള്ളവരായാലും സംയമനം പാലിക്കണം. ഭക്തരോട് ദേഷ്യപ്പെടുകയോ ക്ഷോഭം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു.

ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേവന്‍റെ മുന്നിൽ പരമാവധി സമയം ചെലവഴിക്കാനാണ് ഓരോ ഭക്തനും ആഗ്രഹിക്കുന്നത്. അതേസമയം, നൂറുകണക്കിന് ആളുകൾ ദർശനത്തിനായി കാത്തുനിൽക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഇരുവിഭാഗത്തിന്‍റെയും താൽപര്യങ്ങൾക്കിടയിൽ കൃത്യമായ സന്തുലിതാവസ്ഥ ആവശ്യമാണ്. എന്നാൽ, ഏത് സാഹചര്യത്തിലായാലും പ്രകോപനമുണ്ടായാലും ക്ഷേത്രജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള തർക്കമോ മോശം പെരുമാറ്റമോ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജീവനക്കാരെ ഭക്തർ പ്രകോപിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ബോർഡിന്‍റെ സ്റ്റാൻഡിങ് കോൺസൽ കോടതിയെ അറിയിച്ചു. ഇത്തരം ഒരു സംഭവം കത്തിക്കുത്തിൽ കലാശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതിയുടെ നിരീക്ഷണങ്ങൾ ദേവസ്വം ബോർഡ് പൂർണമായും നടപ്പാക്കുമെന്ന് അഭിഭാഷകൻ ഉറപ്പുനൽകിയ സാഹചര്യത്തിൽ കൂടുതൽ നിർദേശങ്ങൾ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് സ്വമേധയാ എടുത്ത കേസ് കോടതി അവസാനിപ്പിച്ചത്.