ജ്ഞാനേഷ് കുമാർ

 
Kerala

ജ്ഞാനേഷ് കുമാർ തുടങ്ങിയത് കേരളത്തിൽ നിന്ന്; കേന്ദ്ര സർവീസിലേക്ക് മാറിയതിന്‍റെ കാരണം?

ആരാണ് ജ്ഞാനേഷ് കുമാർ? തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പൂർവാശ്രമം എന്ത്? എന്ന ആമുഖത്തോടെ ഫെയ്സ്ബുക്കിൽ ആണ് തോമസ് ഐസക് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

MV Desk

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറും കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഉത്തർപ്രദേശ് സ്വദേശിയാണെങ്കിലും1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജ്ഞാനേഷ് കുമാർ. എറണാകുളം അസിസ്റ്റന്‍റ് കലക്റ്റർ, അടൂർ സബ് കലക്റ്റർ എന്നീ പദവികൾക്കു പുറമേ കേരള സ്റ്റേറ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഫോർ എസ് സിഎസ് ടി മാനേജിങ് ഡയറക്റ്റർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മിഷണർ, ധനവിഭവം, ഫാസ്റ്റ് ട്രാക്ക് പദ്ധതി, പൊതുമരാമത്ത് എന്നീ വകുപ്പുകളിൽസർക്കാർ സെക്രട്ടറിയായും പ്രവർത്തിച്ചു. എന്നാൽ അദ്ദേഹം കേന്ദ്ര സർവീസിലേക്ക് മാറിയതിനു പിന്നിൽ അഴിമതി ആരോപണം ഉണ്ടായിരുന്നുവെന്നാണ് മുൻ മന്ത്രി ഡോ. തോമസ് ഐസക് ആരോപിക്കുന്നത്.

ആരാണ് ജ്ഞാനേഷ് കുമാർ? തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പൂർവാശ്രമം എന്ത്? എന്ന ആമുഖത്തോടെ ഫെയ്സ്ബുക്കിൽ ആണ് തോമസ് ഐസക് കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ സൂത്രധാരനും ജ്ഞാനേഷ് കുമാർ ആയിരുന്നു. പൊതുഫണ്ടിന്‍റെ പൊതുസംഭാവനയുടെയും അടിസ്ഥാനത്തിലുള്ള ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റായി മാറ്റുന്നതിനുള്ള തന്ത്രം മെനഞ്ഞത് ഇദ്ദേഹമാണെന്നാണ് അഭ്യൂഹം എന്നും തോമസ് ഐസക് ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:-

തുടക്കം കേരളത്തിൽ നിന്നാണ്. 2006-ൽ വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പിഡബ്ല്യുഡി സെക്രട്ടറി ആയിരുന്നു. 2006 അവസാനിക്കും മുമ്പ് അഴിമതി ആരോപണത്തെത്തുടർന്ന് വകുപ്പിൽ നിന്ന് മാറ്റി. വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ എ.കെ. ആന്‍റണിയുടെ കേന്ദ്ര പ്രതിരോധ സർവീസിലേക്ക് മാറി.

എന്തിനായിരുന്നു നടപടി? കേരളത്തിൽ ലോകബാങ്കിന്‍റെ കെ.എസ്.ടി.പി പദ്ധതിയിൽ റോഡ് പ്രൊജക്ടിന്‍റെ ഒരു ഭാഗം ഏറ്റെടുത്തിരുന്ന മലേഷ്യൻ കമ്പനിയായ പതിബെല്ലിന്‍റെ കേരളത്തിന്‍റെ ചുമതലക്കാരൻ ആയിരുന്ന ലീ ബിൻ സീൻ എന്ന എഞ്ചിനീയർ നവംബറിൽ കോലാലംപൂരിൽ വച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറുപ്പിൽ കേരളത്തിലെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. ജ്ഞാനേഷ് കുമാർ ആയിരുന്നു പേരെടുത്ത് പരാമർശിക്കപ്പെട്ടവരിൽ പ്രധാനി. കൈക്കൂലി ആവശ്യപ്പെട്ടെന്നും ആ കുറുപ്പിൽ ഉണ്ടായിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണവും സ്ഥലംമാറ്റവും നടന്നത്.

216 കോടി രൂപയുടെ ടെണ്ടർ ആയിരുന്നു. പക്ഷേ, ഭൂമി ഏറ്റെടുക്കുന്നതിനു വലിയ കാലതാമസമുണ്ടായി. അങ്ങനെ പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ആകെ 70 കോടി രൂപയുടെ ബില്ലുകളേ മാറിയിരുന്നുള്ളൂ. 13 കോടി രൂപയുടെ ബില്ല് പെന്‍റിംഗിലും. കാലതാമസത്തിനു കാരണം പതിബെല്ലാണെന്ന് പിഡബ്ല്യുഡി. അല്ലാ, സ്ഥലം കൈമാറിക്കിട്ടാത്തതുകൊണ്ടാണെന്ന് പതിബെൽ. കൈമാറി നൽകിയ ഭാഗങ്ങളിൽപ്പോലും പണി നടത്തിയില്ലെന്ന് പിഡബ്ല്യുഡി. പക്ഷേ, കരാർ പ്രകാരമുള്ള നഷ്ടപരിഹാരത്തിന് വകുപ്പ് ഒരു നോട്ടീസും നൽകിയില്ല.

അതേസമയം, പതിബെൽ കൃത്യമായി ഓരോ വീഴ്ചയ്ക്കും പിഡബ്ല്യുഡിക്ക് നോട്ടീസ് നൽകിയിരുന്നു. അതുകൊണ്ട് ആർബിട്രേഷൻ വരുമ്പോൾ സർക്കാർ തോൽക്കുമെന്നും വ്യക്തമായിരുന്നു. ഇതൊരു പതിവ് പരിപാടിയായിരുന്നു. ഇതിനു പുറമേയാണ് പണം നൽകുന്നതിനുള്ള കാലതാമസവും കുത്തിത്തിരിപ്പുകളും. ഇതിൽ മനംനൊന്താണ് ലീ ബിൻ സീൻ ആത്മഹത്യ ചെയ്തത്.

2007-ൽ അവസാനം സർക്കാർ 35 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവന്നു. പെന്‍റിംഗ് ബില്ലും, ബാക്കി പണി തീർക്കാൻ 215 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റും അംഗീകരിച്ചു. അങ്ങനെ 216 കോടി രൂപയുടെ പദ്ധതി പൂർത്തിയാകാൻ ചുരുങ്ങിയത് 330 കോടിയെങ്കിലും വേണ്ടിവന്നു. ഒരു എഞ്ചിനീയറുടെ ആത്മഹത്യയും.

കേന്ദ്ര പ്രതിരോധ വകുപ്പിലേക്ക് സ്ഥലംമാറിപ്പോയ ജ്ഞാനേഷ് കുമാറാകട്ടെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2012-ൽ കേരള ഹൗസിലെ റസിഡന്‍റ് കമ്മീഷണറായി. 2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജ്ഞാനേഷ് കേന്ദ്ര സർക്കാരിന്‍റെ കശ്മീർ വകുപ്പിലേക്ക് മാറി. അവിടെ അദ്ദേഹത്തിന്‍റെ കാർമ്മികത്വത്തിലാണ് ഒരു സംസ്ഥാനത്തെ വെട്ടിപ്പൊളിച്ച് ഇല്ലാതാക്കി ബിജെപി ഭരണം കൊണ്ടുവന്നത്.

ഇതോടെ അമിത് ഷായുടെ മാനസപുത്രനായി എന്നുവേണം കരുതാൻ. രാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റിന്‍റെ സൂത്രധാരനും ജ്ഞാനേഷ് കുമാർ ആയിരുന്നു. പൊതുഫണ്ടിന്‍റെ പൊതുസംഭാവനയുടെയും അടിസ്ഥാനത്തിലുള്ള ക്ഷേത്രം ഒരു സ്വകാര്യ ട്രസ്റ്റായി മാറ്റുന്നതിനുള്ള തന്ത്രം മെനഞ്ഞത് ഇദ്ദേഹമാണെന്നാണ് അഭ്യൂഹം.

ഇതിന്‍റെയൊക്കെ പ്രത്യുപകാരമായിരുന്നു 2025-ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള നിയമനം. സുപ്രിം കോടതി നിർദ്ദേശ പ്രകാരം ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കേണ്ടത്. എന്നാൽ നിയമഭേദഗതിയിലൂടെ ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നാമനിർദേശിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി അടങ്ങുന്ന സമിതി രൂപീകരിച്ചുകൊണ്ടാണ് ജ്ഞാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. ഇത് സംബന്ധിച്ച് കേസ് ഇപ്പോഴും നടക്കുകയാണ്. എന്നാൽ ജ്ഞാനേഷ് കുമാർ തന്നെ ഏൽപ്പിച്ച ദൗത്യം അഭംഗുരം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സുപ്രിം കോടതി ഇതിനെല്ലാം മാപ്പുസാക്ഷിയായി മാറിയിരിക്കുകയാണ്.

ഒരു കാരണവശാലം ഇത്ര സുപ്രധാനമായ ഒരു സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലായെന്ന് ജ്ഞാനേഷ് കുമാർ തെളിയിച്ചു കഴിഞ്ഞു. അദ്ദേഹം സ്ഥാനം ഒഴിഞ്ഞേ തീരൂ. ബിജെപിക്ക് ഭൂരിപക്ഷമുള്ള പാർലമെന്‍റിൽ ഇംപീച്ച്മെന്‍റ് പ്രമേയം ഈ ദേശദ്രോഹിയെ തുറന്നുകാണിക്കാൻ സഹായിക്കും. പക്ഷേ, അതോടൊപ്പം കമ്മീഷണർ സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്നതിന് എല്ലാ വിഭാഗം ജനാധിപത്യ വിശ്വാസികളുടെയും യോജിച്ച പോരാട്ടം അനിവാര്യമായിരിക്കുന്നു.

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ഇനി എംഎൽഎ ഫണ്ട്; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പിയെ തിരിച്ചെടുത്ത നടപടി; കോൺഗ്രസ് നേതൃത്വത്തിൽ അമർഷം

ഇന്ത്യക്കെതിരേ സമനില; ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ പഴിച്ച് പനാമ കോച്ച്

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു; സുഹൃത്ത് അറസ്റ്റിൽ

മണിപ്പുരിൽ വീണ്ടും സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, 2 പേർക്ക് പരുക്ക്