കനത്ത മഴ, റെഡ് അലർട്ട്; 2 ജില്ലകളിൽ ഞായറാഴ്ച അവധി

 
Kerala

കനത്ത മഴ, റെഡ് അലർട്ട്; 2 ജില്ലകളിൽ ഞായറാഴ്ച അവധി

മദ്രസ, ട്യൂഷന്‍ എന്നിവയ്ക്കാണ് അവധി ബാധകം

Namitha Mohanan

കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് മുന്നറിയിപ്പുള്ള കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി. മദ്രസ, ട്യൂഷന്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.

മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് എന്നിവ പ്രവർത്തിക്കരുതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ വയനാട് ജില്ലാ കളക്റ്റർ വി. ചെൽസാസിനി വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ദുരന്ത നിവാരണ നിയമം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്റ്റർ അറിയിച്ചു.

അതേസമയം, ഇരട്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.