ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിയില്ലാതെ കേസെടുത്തതിൽ സർക്കാരിന് വിമർശനവുമായി സുപ്രീം കോടതി  
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; പരാതിയില്ലാതെ കേസെടുത്തതിൽ സർക്കാരിന് വിമർശനവുമായി സുപ്രീം കോടതി

ഹർജി പരിഗണിച്ച കോടതി അന്തിമ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും.

ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പരാതിയില്ലാതെ കേസെടുത്തതിൽ സർക്കാറിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രാഥമിക അന്വേഷണം നടത്താതെ വ്യക്തികൾക്കെതിരേ എന്തിനാണ് കേസെടുത്തതെന്ന് സുപ്രീം കോടതി ചോദിച്ചു.

ഇങ്ങനെ വ്യക്തികളെ അപമാനിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി സംസ്ഥാന സർക്കാറിനോട് വിശദീകരണവും തേടി. മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും അഞ്ച് വർഷം സർക്കാർ ഒന്നും ചെയ്തില്ലായെന്ന വിമർശനവും ഉയർന്നു.

ഹർജി പരിഗണിച്ച കോടതി അന്തിമ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും. ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരേ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാനസർക്കാരും വനിത കമ്മിഷനും സുപ്രീംകോടതിയിൽ ശക്തമായി എതിർത്തു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണമെന്നും സിനിമാരംഗത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു.

സജിമോൻ പാറയിലിന്‍റെ ഹർജി തള്ളണമെന്ന് വനിത കമ്മിഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് അന്വേഷണം നടക്കുന്നതെന്ന് വനിത കമ്മിഷൻ വ്യക്തമാക്കി. കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാൽ തെളിവുകൾ ഇല്ലെങ്കിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്നും പറഞ്ഞു.

എന്തിനാണ് സജിമോൻ പാറയിൽ അന്വേഷണത്തെ എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ സിനിമ നിർമാതാവായ തനിക്കെതിരെ പോലും ഈ മൊഴികൾ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയിൽ വാദിച്ചു. എന്നാൽ സജിമോന് പിന്നിൽ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്ന് ഡബ്ല്യുസിസി ആരോപിച്ചു.

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു; ആളപായമില്ല

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി