ആശുപത്രികളിൽ മിന്നൽ പരിശോധന നടത്തും.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും രോഗികൾക്ക് ഗുണനിലവാരമുള്ള ചികിത്സയും സേവനങ്ങളും ഉറപ്പാക്കുന്നതിനുമായി എല്ലാ ജില്ലകളിലും ദിവസവും ഒരു പ്രധാന ആശുപത്രിയിൽ മിന്നൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
ഇതിനായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കൽ ഓഫീസർമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർമാർ, ആർദ്രം നോഡൽ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ അതത് ജില്ലകളിലെ പ്രധാന ആശുപത്രികളിൽ ദിവസേന അപ്രതീക്ഷിത പരിശോധന നടത്തണം.
ഡോക്റ്റർമാരുടെയും മറ്റ് ജീവനക്കാരുടെയും ഹാജർ, കൃത്യനിഷ്ഠ, ആശുപത്രി പരിസരങ്ങളിലെ ശുചിത്വം, ഓപ്പറേഷൻ തിയേറ്റർ, ഐസിയു., അത്യാഹിത വിഭാഗം എന്നിവയുടെ പ്രവർത്തനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. രോഗികളുടെ കൂട്ടിരിപ്പുകാരുമായി നേരിട്ട് സംസാരിച്ച് ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം, സൗകര്യങ്ങളുടെ ലഭ്യത, പരാതികൾ, ബുദ്ധിമുട്ടുകൾ എന്നിവ മനസിലാക്കണം.
കിടത്തിച്ചികിത്സാ വിഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ആശുപത്രി ഫാർമസികളിലെ മരുന്നുകളുടെ ലഭ്യത, കാലാവധി കഴിഞ്ഞ മരുന്നുകൾ സ്റ്റോക്കിലോ വിതരണത്തിലോ ഇല്ലെന്ന് ഉറപ്പാക്കൽ, പ്രൊസീജിയർ റൂമുകളുടെ പ്രവർത്തനവും പരിപാലനവും എന്നിവയും പരിശോധിക്കും. ബയോമെഡിക്കൽ മാലിന്യ സംസ്കരണവും അണുബാധ നിയന്ത്രണ സംവിധാനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
പരിശോധനയിൽ കണ്ടെത്തുന്ന പോരായ്മകൾ, സ്വീകരിച്ച തിരുത്തൽ നടപടികൾ, തുടർനടപടികൾ ആവശ്യമായ വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് എല്ലാ ദിവസവും വൈകിട്ട് നാലിന് മുമ്പ് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (മെഡിക്കൽ) സമർപ്പിക്കണം.
ആരോഗ്യവകുപ്പ് റിപ്പോർട്ടുകൾ ക്രോഡീകരിച്ച് പ്രതിമാസ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ സമീപകാല സർക്കുലറുകളിലെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
ആശുപത്രികളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പരിശോധനാ സംവിധാനം ഏർപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.