കനത്ത മഴ: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രിയാത്ര നിരോധിച്ചു, മൂന്നാറിൽ ഗതാഗത നിയന്ത്രണം
അടിമാലി: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയുമുള്ളതിനാലാണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം നൽകി. അതിനിടെ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. വാഹനങ്ങൾ സിഎസ്ഐ പള്ളിക്ക് സമീപത്തു നിന്നും ഗ്യാപ് റോഡിൽ പ്രവേശിച്ച ശേഷം പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലം കടന്നുവേണം ടൗണിൽ എത്താൻ.
ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴംമ്പള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. നേര്യമംഗലം - വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.