കൊച്ചിയിൽ നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയിൽ നിയന്ത്രണംവിട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി കാൽനടയാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ചങ്ങമ്പുഴ പാർക്കിന് സമീപം തിങ്കളാഴ്ച പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം.
കോട്ടയം ചിങ്ങവനം സ്വദേശി പ്രവീൺ കുമാർ (28), തമിഴ്‌നാട്ടിലെ നീലഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാർ പാലാരിവട്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. ബൈക്ക് ഓടിച്ചിരുന്നയാൾക്കെതിരേ എളമക്കര പൊലീസ് കേസെടുത്തു. സമീപത്തെ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ ബൈക്ക് അമിതവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.