സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തും വിപുലമായ പരിപാടികൾ; ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയ പതാക ഉയര്‍ത്തി വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍റെ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷം തലസ്ഥാനത്ത് നടന്നു. ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയത്. വന്ദേമാതരം പാടിയില്ല. സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വകുപ്പുകളുടെ പരേഡ് അരങ്ങേറി.
ഒറ്റക്കെട്ടായി മുന്നേറാൻ നമുക്കാകണമെന്നും ഇന്ത്യയിൽ തനതായ വ്യക്തിത്വമുള്ള ഇടമാണ് കേരളമെന്നും സതീശൻ പറഞ്ഞു. ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മൾ കടന്നുവന്നതെന്നും നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും സാധിക്കില്ല. സർക്കാർ ആ കുടുംബങ്ങളെ ചേർത്തു നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സമീപനങ്ങളെയാണ് സർക്കാർ തേടുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു. ജാതിയും മതവും ലിംഗവിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാൻ ആകണം. അടുത്തിടെ മുതിർന്ന ഒരു നേതാവിന് ജാതിയുടെ പേരിൽ അപമാനം നേരിട്ടത് നമ്മൾ കണ്ടതാണെന്നും ഖാർഗെയുടെ വിഷയത്തിൽ ഊന്നി അദ്ദേഹം പറഞ്ഞു.
പട്ടിണി രോഗം തൊഴിലില്ലായ്മ എന്നിവ ഏതു ജനതയെയും പിന്നോട്ട് വലിക്കുന്ന മൂന്ന് കാര്യങ്ങളാണെന്നും 79 വർഷങ്ങൾ പിന്നിടുമ്പോഴും കേരളത്തിലും നമ്മുടെ രാജ്യത്തും ഇവ ഇന്നും അവശേഷിക്കുന്നു എന്നുള്ളത് യാഥാർഥ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവും ലോകവും കേരളവും ഇന്ന് പ്രത്യേകമായ ഘട്ടത്തിലൂടെ കടന്നു പോകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യക പരിഗണന നൽകുമെന്നും യുവതയാണ് രാജ്യത്തിന്‍റെ യഥാർഥ സമ്പത്തെന്നും അദ്ദേഹം പറഞ്ഞു. തിരുത്തൽ ശക്തി ആകാനും ഭാവിയിൽ തെളിമയോടെ രാജ്യത്തെ നയിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.