രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: 2008ലെ മുംബൈ ഭീകരാക്രമണ സമയത്ത് ഇന്ത്യ ദുർബലമായ രാജ്യമായിരുന്നുവെന്നും ഭീകരാക്രമണങ്ങൾക്ക് നിശബ്ദതയായിരുന്നു മറുപടിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്നാൽ ഇന്ന് ഇന്ത്യ ശക്തിയോടെയാണ് ഭീകരതയോട് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തോടനുബന്ധിച്ച് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് നേമം എംഎൽഎ കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. "18 വർഷം മുൻപ് 26/11ന് പാക്കിസ്ഥാൻ ഭീകരർ കടൽമാർഗം ഇന്ത്യയിലെത്തി മുംബൈയിൽ 166 പേരെ കൊലപ്പെടുത്തുകയും 300ലേറെ നിരപരാധികളെ പരുക്കേൽപ്പിക്കുകയും ചെയ്തു"- അദ്ദേഹം കുറിച്ചു.
മറ്റുള്ളവർക്ക് ജീവിക്കാനായി വെടിയൊച്ചകൾക്ക് നേരെ ഓടിയെത്തിയ ധീരരെ ഓർക്കുന്നുവെന്നും ഓരോ സൈനികനും എൻഎസ്ജി കമാൻഡോയും പൊലീസ് ഉദ്യോഗസ്ഥനും ഹോട്ടൽ, റെയ്ൽവേ ജീവനക്കാരും ഉൾപ്പെടെ മുംബൈയെയും ഭീകരതയെയും തമ്മിൽ വേർതിരിച്ചുനിർത്താൻ ജീവൻ ബലിയർപ്പിച്ച സാധാരണക്കാരെയും ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ഇന്ത്യ ദുർബലവും ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളതുമായ രാജ്യമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു. "ഇന്നത്തെ പുതിയ ഇന്ത്യ ഭീകരതയ്ക്ക് നിശബ്ദതയല്ല, ശക്തിയാണ് മറുപടി നൽകുന്നത്. ആ ത്യാഗം ഒരിക്കലും മറക്കാൻ അനുവദിക്കില്ല"- അദ്ദേഹം പറഞ്ഞു.