കുടുംബശ്രീ സിഡിഎസ് ഓഫീസുകളുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായി

 
Kerala

കുടുംബശ്രീ സിഡിഎസ് ഓഫീസുകളുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയായി

സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി എം.ബി.രാജേഷ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നിര്‍വഹിക്കും.

തൃശൂർ: സംസ്ഥാനതല കുടുംബശ്രീ സിഡിഎസ് ഓഫീസുകളുടെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി എം.ബി.രാജേഷ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ അധ്യക്ഷതയില്‍ കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തുക.

കില നോഡല്‍ ഏജന്‍സിയാണ് സംസ്ഥാനതലത്തില്‍ കുടുംബശ്രീ സിഡിഎസ് ഓഫീസുകള്‍ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. കിലയും കുടുംബശ്രീയും തമ്മിലുള്ള ധാരണ പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ സിഡിഎസുകളും ഐഎസ്ഒ 9001:2015 നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ആദ്യഘട്ട നവീകരണത്തിന് കഴിഞ്ഞ ജൂണിലായിരുന്നു തുടക്കമിട്ടത്. കില ഡയറക്ടര്‍ ജനറല്‍ എ.നിസാമുദ്ദീന്‍ ഐഎഎസിന്‍റെയും കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ എച്ച്. ദിനേശന്‍ ഐഎഎസിന്‍റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് സിഡിഎസുകള്‍ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സാധിച്ചത്.

കിലയുടെ ഐഎസ്ഒ മാനേജര്‍മാരുടെ നേതൃത്തില്‍ 617 സിഡിഎസുകളിലെയും ഓഫീസ് ജീവനക്കാര്‍ക്കും,അംഗങ്ങള്‍ക്കും പ്രത്യേകം പരിശീലനങ്ങള്‍ നല്‍കി. മൂന്നുമാസത്തിനകം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് ഓഗസ്റ്റ് 31 നുള്ളില്‍ മുഴുവന്‍ സിഡിഎസുകള്‍ക്കും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് എന്ന നേട്ടത്തിലെത്താനും സാധിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഐഎസ്ഒ കണ്‍സള്‍ട്ടന്‍സി നേടുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ് കില. സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഏറിയപങ്കും ഇതിനകം കിലയുടെ സഹായത്തോടെ ഐഎസ്ഒ 9001:2015 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ റവന്യൂ വകുപ്പിന്‍റെ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇതര സ്ഥാപനങ്ങള്‍ക്കുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും കിലയാണ് സഹായിക്കുന്നത്. ഇതര സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനായുള്ള നോഡല്‍ ഏജന്‍സി കൂടിയായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും കിലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലും ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കില ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കയാണ്.

ബംഗ്ലാദേശിനെതിരേ പൊരുതി കയറി പാക്കിസ്ഥാൻ; 136 റൺസ് വിജയലക്ഷ‍്യം

ടി.ജെ. ഐസക്കിനെ വയനാട് ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു

"റഷ‍്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്‍റ് സ്ഥാനം ഒഴിയാം": സെലൻസ്കി

യുവതിയെ നടുറോഡിൽ കടന്നുപിടിച്ചെന്ന കേസ്; അഭിഭാഷകന് തടവും പിഴയും

ലഡാക്ക് സംഘർഷം; സോനം വാങ്ചുക്കിന്‍റെ സ്ഥാപനത്തിനെതിരേ സിബിഐ അന്വേഷണം