ജടായു ശിൽപത്തിന് തപാൽ വകുപ്പിന്‍റെ ആദരം; പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്തു

 
Kerala

ജടായു ശിൽപത്തിന് തപാൽ വകുപ്പിന്‍റെ ആദരം; പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്തു

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടന പ്രസംഗം നടത്തി

MV Desk

ചടയമംഗലം: ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമായ കൊല്ലം ചടയമംഗലത്തെ ജടായു ശില്പത്തോടുള്ള ആദരസൂചകമായി കേരള തപാൽ സർക്കിൾ പ്രത്യേക തപാൽ കവർ പുറത്തിറക്കി. ‌ജടായുപ്പാറയുടെ സാംസ്‌കാരികവും പുരാണപരവും വിനോദസഞ്ചാരപരവുമായ പ്രാധാന്യം വിളിച്ചോതുന്നതാണ് തപാൽ കവർ.

കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ്ങാണ് പ്രത്യേക തപാൽ കവർ പ്രകാശനം ചെയ്‌തത്. ജടായു ശില്പത്തിന്‍റെ മുന്നിൽ വച്ച് കവർ പ്രകാശനം നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടന പ്രസംഗം നടത്തി. ഇന്ത്യാ പോസ്റ്റ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത് ജടായു ശില്പത്തിന്‍റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്നും ആഗോള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ ജടായുവുമായി ബന്ധപ്പെട്ട ഐതിഹ്യവും ജടായുപ്പാറയുടെ ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യവും അനുസ്‌മരിക്കുന്നതിനാണ് പ്രത്യേക തപാൽ കവർ പുറത്തിറക്കിയത്.

ജടായുപ്പാറയുടെ പൈതൃകവും പ്രാധാന്യവും തപാൽ സ്റ്റാമ്പുകളുടെയും കവറുകളുടെയും ശേഖരണകലയായ ഫിലാറ്റലിയിലൂടെ സംരക്ഷിക്കുകയും കൂടുതൽ ജനശ്രദ്ധയിൽ എത്തിക്കുകയും ചെയ്യുന്നതിൽ ഈ പ്രകാശനം ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പാണ്. കേരളത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്‍റെയും വിനോദസഞ്ചാര മേഖലയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും ഈ പ്രത്യേക കവർ സഹായകമാകും.

പ്രകാശനച്ചടങ്ങിൽ കൊല്ലം ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് ശ്രീമതി ബിന്ദു എം. സ്വാഗതം ആശംസിച്ചു. ജടായു എർത്ത്സ് സെൻ്റർ ചെയർമാൻ ശ്രീ രാജീവ് അഞ്ചൽ അധ്യക്ഷത വഹിച്ചു. ചടയമംഗലം എം.എൽ.എ ശ്രീ എം. എം. നസീർ, ചടങ്ങിൽ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.