ജോയ് പോൾ പീച്ചാട്ട്
കോതമംഗലം: 68-ാമത് സംസ്ഥാന സ്കൂൾ കരാട്ടെ മത്സരങ്ങളുടെ കോംപറ്റീഷൻ ഡയറക്റ്ററായി ജോയ് പോൾ പീച്ചാട്ടിനെ നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് സ്കൂൾ കായിക വിഭാഗമാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
ഒക്റ്റോബർ 28 മുതൽ 30 വരെ കോഴിക്കോട് വച്ച് നടക്കുന്ന 2026-27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ സുഗമമായ നടത്തിപ്പിനും മേൽനോട്ടത്തിനുമാണ് ചുമതല. 45 വർഷത്തെ കായിക സംഘാടക പരിചയമാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് പരിഗണിക്കാൻ കാരണമായത്.
എറണാകുളം ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, എറണാകുളം ജില്ലാ കരാട്ടെ-ഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ്, ടൂർണമെന്റ് ഡയറക്റ്റർ, വൈഎംസിഎ കേരള റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്റർ, ദേശീയ സ്പോർട്സ് ആൻഡ് റിക്രിയേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്.
ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് ഡയറക്റ്റർ ബോർഡ് അംഗം, മുൻ കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം (2000-2005) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നെല്ലിമറ്റം കാക്കനാട്ട് പീച്ചാട്ട് കുടുംബാംഗമാണ്.