മലപ്പുറം: സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്നും മതപണ്ഡിതന്മാർ ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല മതവിധികൾ പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്‍റിനറി സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്. അതുകൊണ്ട് തന്നെ സമസ്ത പണ്ഡിതൻമാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നുമായിരുന്നു കാന്തപുരത്തിന്‍റെ വിവാദ പരാമർശം. കഴിഞ്ഞ മാസം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലാണ് കാന്തപുരത്തിന്‍റെ വിവാദ പരാമർശം.
"ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണം. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ ഏർപ്പെടുത്തിയത്. മതം പഠിപ്പിക്കുന്നത് ഇതാണ്." എന്നുമായിരുന്നു കാന്തപുരത്തിന്‍റെ പ്രതികരണം. ഇത് വലിയ വിവിദങ്ങൾക്ക് വഴിവച്ചിരുന്നു.