കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: സോളാർ കേസിൽ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സെക‍്യൂരിറ്റി ഓഫിസർമാരായ എൻ. രവീന്ദ്രൻപിള്ള, എം.എസ്. ശ്രീകുമാർ എന്നിവർ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്.
മുഖ‍്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ സോളാർ കേസ് പ്രതിയെ ലക്ഷ്മി നായർ എന്ന പേരിൽ പരിചയപ്പെടുത്തിയത് മുൻ മന്ത്രി കെ.ബി. ഗണേഷ്കുമാറാണെന്നാണ് ഇരുവരുടെയും മൊഴിയിൽ പറയുന്നത്.
2013ൽ പ്രതിയെ മുഖ‍്യമന്ത്രിയുടെ ഓഫിസിലെത്തിക്കുകയും ലക്ഷ്മി നായർ തന്‍റെ അടുത്ത സുഹൃത്താണെന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ വന്നതാണെന്നും പറഞ്ഞ് പരിചയപ്പെടുത്തിയതായുമാണ് മൊഴി. എന്നാൽ ഈ സമയം മുഖ‍്യമന്ത്രി ഓഫിസിലുണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.
തുടർന്ന് മുഖ‍്യമന്ത്രി എത്തുകയും ഒപ്പം ചെക്ക് കൈമാറുകയും ഫോട്ടോയെടുക്കുകയും പിന്നീട് ടിവിയിലും പത്രങ്ങളിലുമെല്ലാം സോളാർ തട്ടിപ്പിന്‍റെ വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് ലക്ഷ്മി നായർ എന്ന പേരിലെത്തിയ ഇവരുടെ യഥാർഥ പേര് തങ്ങൾക്ക് മനസിലായതെന്നാണ് ഇരുവരുടെയും മൊഴി. കേസ് ഒക്റ്റോബർ 14ന് പരിഗണിക്കുമ്പോൾ മുൻമന്ത്രി കെ. ബാബുവും മൊഴി നൽകും.