സ്ത്രീ സുരക്ഷാ പദ്ധതിയിൽ വിശദപരിശോധയ്ക്ക് സർക്കാർ; യൂണിവേഴ്സിറ്റി കോളെജ് പ്രശ്നം സഭയിൽ ചർച്ചയാക്കി പ്രതിപക്ഷം

 

file image

Kerala

സ്ത്രീ സുരക്ഷാ പദ്ധതിയിൽ വിശദപരിശോധയ്ക്ക് സർക്കാർ; യൂണിവേഴ്സിറ്റി കോളെജ് പ്രശ്നം സഭയിൽ ചർച്ചയാക്കി പ്രതിപക്ഷം

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിനാണ് തുടക്കമായത്

Namitha Mohanan

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തുടക്കം. സ്ത്രീ സുരക്ഷാ പദ്ധതി, യൂണിവേഴ്സിറ്റ് കോളെജ് ഹോസ്റ്റൽ പ്രശ്നവുമടക്കം നിയമസഭയിൽ ചർച്ചയായി. ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രമേയം പാസാക്കും. പ്രതിപക്ഷവും അതിനെ പിന്തുണയ്ക്കുമെന്നാണ് വിവരം.

സ്ത്രീ സുരക്ഷ പദ്ധതി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. പദ്ധതി തുടരണോ വേണ്ടയോ എന്നത് സർക്കാർ ആലോചിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പ്രഖ്യാപിച്ച പദ്ധതിയായതിനാൽ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ നടപ്പാക്കൂ എന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

യൂണിവേഴ്സിറ്റ് കോളെജ് പ്രശ്നം വി. ജോയി എംഎൽഎ നിയമസഭയിൽ ചർച്ചയാക്കി. കേരള ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത രീതിയിൽ ഭരണപക്ഷവും പോലീസും ചേർന്ന് സർവകലാശാലയെ ഹോസ്റ്റൽ യുദ്ധക്കളമാക്കിമാറ്റിയെന്ന് വി. ജോയ് എംഎൽഎ ആരോപിച്ചു. നിഷ്പക്ഷമായി അന്വേഷിച്ചാൽ ബിയർകുപ്പി വന്ന വഴി മനസിലാവുമെന്ന് പൊലീസിന്‍റെ ഒടിഞ്ഞ ലാത്തി ഉയർത്തിക്കാട്ടി എംഎൽഎ പറഞ്ഞു.

ലാത്തി വാച്ച് ആൻഡ് വാർഡിന് നൽകാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശം നൽകി. ആരോപണം പരിശോധിക്കുമെന്നും സ്പീക്കർ ഉറപ്പു നൽകി. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കെതിരേയാണ് ബിയർ കുപ്പികൾ എറിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി മറുപടിയായി സഭയിൽ പറഞ്ഞു. പൊലീസുകാരെ വധിക്കാൻ ശ്രമിക്കുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും ജോയ് എംഎൽഎ സഭയിൽ മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എന്തിനാണ് പ്രതിപക്ഷ നേതാവ് കുട്ടികളെ പ്രതിഷേധത്തിനിറക്കുന്നതെന്നും ശരിക്കും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പ്രതിപക്ഷത്തോടായി ചോദിച്ചു. അനാവശ്യ സമരങ്ങൾക്ക് കുട്ടികളെ ഇറക്കരുത്. എസ്എഫ്ഐയുടെ പല സമരങ്ങളും ആവശ്യമില്ലാത്തതാണെന്നും ന്യായമായ ആവശ്യങ്ങളൊക്കെ അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.